സ്വാതന്ത്ര്യത്തിന്റെ ആ സ്വര്‍ഗത്തിലേക്ക്

പുതിയ കലണ്ടര്‍, പുതിയ ഡയറി... സ്മാര്‍ട്ട് ഫോണ്‍ പേപ്പര്‍ കലണ്ടറുകളെയും പേപ്പര്‍ ഡയറികളെയുംപോലും അപ്രസക്തമാക്കിത്തുടങ്ങിയ കാലമാണിത്. പഴയതുപോലെ ഡയറിക്ക് വേണ്ടിയുള്ള തിക്കിത്തിരക്കല്‍ ഇപ്പോഴില്ല. എഴുതാത്ത പഴയ ഡയറി കിട്ടിയാല്‍പോലും തുള്ളിച്ചാടുന്ന ഒരു കാലമുണ്ടായിരുന്നു. ഡയറിയും കലണ്ടറുമെല്ലാം കീശയിലിരിക്കുന്ന ഫോണില്‍ വിളിപ്പുറത്ത്. വാര്‍ത്തയും സിനിമയും നിഘണ്ഡുവുമെല്ലാം കീശയില്‍... ചിപ്പുകളില്‍ അഥവാ ചിമിഴില്‍ ജീവിതമപ്പാടെ ഒതുക്കാനാവുകയാണോ... സ്ലേറ്റും പെന്‍സിലും കടലാസും പേനയും വേണ്ടാത്ത കാലം. 30 വര്‍ഷംകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനവരാശിയെ കീഴ്‌പെടുത്തിക്കളയുമെന്ന പ്രവചനംപോലും വന്നിരിക്കുന്നു. നിര്‍മ്മിതബുദ്ധി വിശേഷബുദ്ധിയെ കീഴ്‌പ്പെടുത്തിക്കളഞ്ഞേക്കുമോ എന്ന ഭീതി മെല്ലെമെല്ലെ അരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. യന്ത്രങ്ങള്‍ മനുഷ്യനെ കവച്ചുവെച്ച് കടന്നുപോകുമോ, ചവിട്ടിയരച്ച് കടന്നുപോകുമോ, അതോ ഏത് യാന്ത്രികതയെയും നേരിടാനും മറികടക്കാനും മാത്രം ശേഷിയാര്‍ജിക്കുമോ മാനവരാശി എന്ന ചോദ്യമാണ് പുതുവത്സരത്തില്‍ മുഴങ്ങുന്നത്.

ലോകാവസാനം പണ്ടും പലതവണ പലര്‍ പ്രവചിച്ചതാണ്, എന്നാല്‍ ലോകം കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ടുമുന്നോട്ടാണ് പോയത്.

ഒരു യന്ത്രത്തിനും കീഴ്‌പ്പെടുത്താനാകാത്ത, നിര്‍മ്മിതബുദ്ധിക്ക് കീഴ്‌പ്പെടുത്താനാകാത്ത വിശേഷബുദ്ധിയുമായിത്തന്നെയാണ്, സര്‍ഗാത്മകതയുമായിത്തന്നെയാണ് മാനവരാശി മുന്നോട്ടുപോകുന്നത്. പക്ഷേ മനുഷ്യനെയും ഭൂമിയെയും മനുഷ്യന് തകര്‍ക്കാനാവും, നിലംപരിശാക്കാനാവും. രണ്ടാം ലോകയുദ്ധത്തിലും അതിന് മുമ്പ് പലപല യുദ്ധങ്ങളിലും ലോകം അതനുഭവിച്ചു. കോവിഡുകാലം കടന്നുപോകാനാവുമോ- വസൂരി പോലെ, പ്ലേഗ് പോലെ ആ മഹാമാരി മനുഷ്യരാശിയെയപ്പാടെ വിഴുങ്ങിയേക്കുമോ എന്ന ഭയപ്പാടുണ്ടായി. എന്നാല്‍ ഏതാപത്തിനെയും അതിജീവിക്കാന്‍ പോന്ന പ്രജ്ഞാശക്തിയുണ്ട് മനുഷ്യര്‍ക്ക് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ അതിനെയെല്ലാം മറികടക്കാനായി.

പക്ഷേ മനുഷ്യര്‍ അധികാരക്കൊതിയും അത്യാര്‍ത്തിയും മൂത്ത് മനുഷ്യരെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ രക്ഷയില്ലെന്നാണ് ലോകം വിളിച്ചുപറയുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ അനുഭവമുള്ള ലോകം ഇനിയൊരു വന്‍ യുദ്ധത്തിന് കോപ്പുകൂട്ടില്ലെന്നും ഇറങ്ങിപ്പുറപ്പെടില്ലെന്നും മോഹിച്ചത് വൃഥാവിലായിരുന്നു. അധികാരം എന്നും യുദ്ധോദ്യുക്തമാണ്. യുദ്ധമോ യുദ്ധഭീതി കാട്ടി യുദ്ധസന്നാഹമൊരുക്കലോ ഇല്ലാതെ അധികാരത്തിന് മുന്നോട്ടുപോകാനാവില്ല. ആ അധികാരം രാഷ്ട്രീയാധികാരം മാത്രമല്ല, മതപരവും വംശീയവും ഭാഷാപരവുമൊക്കെയാവാം.

നാം പുതുവര്‍ഷം ആഷോഷിക്കുമ്പോള്‍ പലസ്തീന്റെ അവിഭാജ്യഭാഗമായ ഗാസയിലും പിന്നെ ലബനനിലും സിറിയയിലും യുക്രൈനിലുമെല്ലാം പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുകയാണ്. ഹിംസയുടെ പര്യായമായിത്തീര്‍ന്നിരിക്കുന്ന ഇസ്രായേലിലെ സിയോണിസ്റ്റ് ഭരണകൂടം പലസ്തീനികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസംഘടനയെയടക്കം അവഗണിച്ചും ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തകരെയടക്കം കൊലചെയ്തും ലോകമനസ്സാക്ഷിയുടെ ശത്രുവായിത്തീര്‍ന്ന ഭീകരഭരണകൂടം. ആ സിയോണിസ്റ്റ് കാപാലികര്‍ ഗാസയിലെ വീടുകള്‍ മാത്രമല്ല ആസ്പത്രികളും വിദ്യാലയങ്ങളുമെല്ലാം തകര്‍ത്തു. ഒരു ജനതയെ അവരുടെ ജന്മഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്ത് ആ സ്ഥലം കയ്യടക്കി സ്വന്തം ജനത്തെ പാര്‍പ്പിക്കുന്ന കാടത്തമാണ് ഇസ്രായേല്‍ നടപ്പാക്കുന്നത്. പതിനാലായിരത്തിലധികം കുഞ്ഞുങ്ങളെ, അരലക്ഷത്തിലധികം സാധാരണക്കാരെ ഇതിനകം ഇസ്രായേല്‍ കൊലചെയ്തു. കുഞ്ഞുങ്ങളെല്ലാം മരിച്ചാല്‍ പിന്നെ ആ നാടാകെ ഭാവിയില്‍ കൈപ്പിടിയിലൊതുക്കാന്‍ പ്രയാസമില്ലല്ലോ. ഗാസയിലെ പത്തിലൊന്ന് പേരും അതായത് 19 ലക്ഷം പേരും ഇപ്പോള്‍ അഭയാര്‍ത്ഥികളായി നാടുവിട്ടോടിയിരിക്കുന്നു... ആ ചോരയില്‍ ചവിട്ടിയാണ് ലോകം പുതിയ വര്‍ഷത്തേക്ക് കടക്കുന്നത്.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശ യുദ്ധം തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു. കുറേക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ 34 മാസമായി റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊള്ളുന്നു. യുക്രൈനെ ആയുധമണിയിക്കുന്നതിലൂടെ മേഖലയില്‍ നാറ്റോവിന്റെ ആധിപത്യമുറപ്പിക്കാന്‍ സൃഗാലബുദ്ധിയോടെ അമേരിക്കയുടെ ഇടപെടല്‍. യുക്രൈനിലും റഷ്യയിലുമായി ഇതിനകം ലക്ഷക്കണക്കിനാളുകളാണ്, പതിനായിരക്കണക്കിന് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ മുറിവേറ്റ് അംഗഭംഗം വന്ന് നരകയാതന അനുഭവിക്കുന്നു. യുക്രൈനില്‍നിന്ന് 60 ലക്ഷം പേരാണ് വിദേശങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോയത്. രാജ്യത്തിനകത്ത് ഒരു കോടിയോളം പേര്‍ വീട് നഷ്ടപ്പെട്ട് അലയുന്നു. ജനസംഖ്യയുടെ നാലിലൊന്നിലേറെപ്പേര്‍ അലയുകയാണ്...

ഈ ചോരയിലും ദൈന്യത്തിലും ചവിട്ടിയാണ് ലോകം പുതുവത്സരാഘോഷം നടത്തുന്നത്. സിറിയയിലും ലബനനിലും മറ്റ് പലപല രാജ്യങ്ങളിലും ഇങ്ങനെയല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൂട്ടക്കൊലകള്‍ നടക്കുകയാണ്, വംശീയയുദ്ധങ്ങള്‍. നമ്മുടെ രാജ്യത്ത് മണിപ്പൂരില്‍ രണ്ട് വംശീയവിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന കൂട്ടക്കൊലയും കൊള്ളിവെപ്പും വടക്കുകിഴക്കന്‍ മേഖലയുടെ സമാധാനം തകര്‍ത്തിട്ട് കാലം കുറെയായി. അക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഒരുവിഭാഗം അക്രമികളുടെ വക്താക്കളും പ്രോത്സാഹകരുമായാണ് സംസ്ഥാന ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നത്. ആ പ്രശ്‌നത്തില്‍ ഇടപെടാനോ അതേക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലുമോ പ്രധാനമന്ത്രി തയ്യാറാകാത്തത് കടുത്ത വിമര്‍ശമാണുണ്ടാക്കുന്നത്.

രാജ്യത്ത് മതസൗഹാര്‍ദ്ദം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും സുശക്തമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് എന്ന അതിന്റെ മഹത്തരമായ അടിസ്ഥാനം തകര്‍ക്കാന്‍ കേന്ദ്രഭരണത്തിന് പിന്നിലെ ശക്തികള്‍തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടന ഉടച്ചുവാര്‍ത്ത് ഏകമതത്തിലും ഏക ഭാഷയിലും കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമം സുപ്രിംകോടതി തല്‍ക്കാലം തടഞ്ഞു. എന്നാല്‍ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാനൂറ് സീറ്റ് ലക്ഷ്യമാക്കിയാണ് എന്‍.ഡി.എ. കരുക്കള്‍ നീക്കിയത്. ഭരണഘടനയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്നല്ല, തനിച്ച് ഭൂരിപക്ഷം പോലും ലഭിച്ചില്ല. എന്നിട്ടും വെച്ചകാല്‍ പിറകോട്ടെടുക്കാതിരിക്കാനുള്ള ഉപായമാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ബാബറി മസ്ജിദ് കര്‍സേവ നടത്തി തകര്‍ത്ത് രാജ്യത്തിന്റെ മതേതര സംവിധാനം തകര്‍ത്ത് അസാമാധാനം വിതച്ച സാഹചര്യത്തിലാണ് ആരാധനാലയ സംരക്ഷണനിയമം (1993) കൊണ്ടുവന്നത്. സിവില്‍ കേസുകള്‍ കൊടുത്ത് കീഴ്‌ക്കോടതികളെ സമ്മര്‍ദ്ദത്തിലാക്കി ആ നിയമം തകര്‍ക്കാനാണ് പ്രാദേശികഘടകങ്ങളെ ഉപയോഗിച്ച് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ട് കീഴ്‌ക്കോടതികളെ ആ നീക്കത്തില്‍നിന്ന് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നു. ഭൂരിപക്ഷമതം പറയുന്നതാണ് ഇന്ത്യയിലെ നീതിയെന്ന് ഉത്തരപ്രദേശിലെ ഹൈക്കോടതി ജഡ്ജി കോടതിക്ക് പുറത്ത് പ്രസംഗിച്ചത് ഈയിടെയാണ്.

കര്‍ണാടകയിലെ ഒരു ഹൈക്കോടതി ജഡ്ജി ബംഗളുരുവിലെ ഒരു മേഖലയെ പാകിസ്താന്‍ എന്നാണ് കോടതിയില്‍ വിളിച്ചത്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഒരു സംഘപരിവാര്‍ മന്ത്രി കേരളത്തെ പാകിസ്താന്‍ എന്ന് വിളിക്കുന്നു. 2025നെ ആശങ്കയോടെ സമീപിക്കേണ്ടിവരുന്ന സാഹചര്യങ്ങളാണിതൊക്കെ.

ഇതൊക്കെയാണെങ്കിലും ലോകത്തിന്റെ, ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാവില്ല, ഭാസുരം തന്നെയാവും എന്നാണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്. ഇടുങ്ങിയ സ്വാര്‍ഥതാല്‍പര്യം മാറ്റി കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ധ്രുവീകരണത്തില്‍നിന്നും അപരത്വത്തില്‍നിന്നും സ്വത്വരാഷ്ട്രീയത്തില്‍നിന്നും മാറി വിശാലമായ ഐക്യത്തിന്റെ പാത കണ്ടെത്താന്‍ കഴിയുമോ എന്നതാണ് പുതുവര്‍ഷത്തില്‍ മനസില്‍ വരേണ്ടത്. മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ പാടിയല്ലോ...

' എവിടെ മനസ്സ് നിര്‍ഭയവും ശിരസ്സ് ഉന്നതവുമായിരിക്കുന്നുവോ, എവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നുവോ, എവിടെ ഇടുങ്ങിയ ഭിത്തികളാല്‍ ലോകം വിഛിന്നമാക്കപ്പെടാതിരിക്കുന്നുവോ, എവിടെ സത്യത്തിന്റെ അഗാധതയില്‍നിന്ന് വാക്കുകള്‍ ഉദ്ഗമിക്കുന്നുവോ, എവിടെ അക്ഷീണ സാധന പൂര്‍ണതയുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടുന്നുവോ, എവിടെ യുക്തിയുടെ സ്വഛന്ദപ്രവാഹം മരുഭൂവില്‍ തട്ടി വഴി തടയപ്പെടാതിരിക്കുന്നുവോ സ്വാതന്ത്ര്യത്തിന്റെ ആ സ്വര്‍ഗത്തിലേക്ക് എന്റെ നാഥാ എന്റെ രാജ്യം ഉണരേണമേ...'

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it