റാഗിംഗിനോട് നോ പറയാം: കുറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി; വിളിക്കാം ഹെല്‍പ് ലൈനിലേക്ക്

കാസര്‍കോട്: കഴിഞ്ഞ ദിവസമാണ് ആദൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കൂട്ട റാഗിംങ്ങില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചിക്ിത്സയിലാണ്. കണ്‍മുന്നില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെടുമ്പോഴും അധ്യാപകര്‍ നോക്കിനിന്നുവെന്നും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ നിസ്സാരവത്ക്കരിച്ചുവെന്നും ആരോപണമുണ്ടായി.

ഇന്നും പല വിദ്യഭ്യാസസ്ഥാപനങ്ങളിലും റാഗിംഗ് തുടരുകയാണ്. റാഗിംഗില്‍ ഏര്‍പ്പെടുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരും കുറ്റക്കാരാണ്. റാഗിംഗ് പരാതികള്‍ പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആന്റി റാഗിംഗ് ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ കൊണ്ട് മാത്രം ഈ സാമൂഹിക വിപത്തിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. അതിന് സ്ഥാപനങ്ങളുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും കൂട്ടായ ശ്രമവും ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങള്‍ യഥാ സമയം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചു വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. ജില്ലാ പോലീസ് മേധാവി ബി .വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.

റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനം റാഗിംഗ് നടന്നത് മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍, സ്ഥാപനം റാഗിംഗിന് കൂട്ടുനിന്നതായി നിയമം കാണുന്നതാണ്. റാഗിംഗുമായി ബന്ധപ്പെട്ട ഏത് പരാതിയും നിങ്ങള്‍ക്ക് അതാത് പോലീസ് സ്റ്റേഷനുകളിലോ ആന്റി റാഗിംഗ് ഹെല്പ് ലൈന്‍ നമ്പറായ 1800-180-5522 (24x7 Toll Free) ലേക്ക് വിളിക്കാവുന്നതാണ്. (ഇമെയില്‍- [email protected], വെബ്‌സൈറ്റ്-www.antiragging.in)

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it