അരക്ഷിതാവസ്ഥയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാര്‍ തുക നല്‍കാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പൊതുവെ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് പദ്ധതിക്ക് മാറ്റം വരുത്തിയിരിക്കുന്നത്. തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 125 ആക്കിയെങ്കിലും തൊഴിലാളികളുടെ എണ്ണത്തിലും വേതനത്തിലും വലിയ കുറവ് സംഭവിക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്ക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ മാത്രമേ തൊഴിലുറപ്പ് ജോലി നടത്താവൂവെന്ന വ്യവസ്ഥയാണ് ഏറ്റവും അപകടകരം. ജില്ലയിലെ പല ഗ്രാമപഞ്ചായത്തുകളും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പുറത്താകും. 38 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ചില പഞ്ചായത്തുകളില്‍ മാത്രമാകും ഇനി പദ്ധതി നടപ്പിലാക്കുക. നിരവധി സജീവതൊഴിലാളികള്‍ പദ്ധതിക്ക് പുറത്തുപോകേണ്ടിവരും. പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റിയതിനെതിരെയും ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

നിലവില്‍ തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍ക്കെല്ലാം കുടിശിക ഇനിയും ലഭിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ 26.32 കോടി രൂപയുടെ കുടിശികയാണുള്ളത്. കുടിശികയുണ്ടെങ്കില്‍ പോലും ഈ പദ്ധതിയെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്.

കുടിശിക വൈകിയാണെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. പദ്ധതിയിലെ കേന്ദ്രവിഹിതം 60 ഉം സംസ്ഥാന വിഹിതം 40 ഉം ആക്കിയതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യതയും വര്‍ധിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥകള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാറിന്റേതാണെങ്കിലും അതൊക്കെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ പകുതിയോളം സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതിയാണുള്ളത്.

രാജ്യത്തിലെ ജനങ്ങളില്‍ കായിക തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. തൊഴിലുണ്ടായാലും ഇല്ലെങ്കിലും മിനിമം നൂറ് ദിവസത്തെ വേതനം ഉറപ്പുവരുത്തുന്ന ഈ പദ്ധതി പടിപടിയായി ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടം അനിവാര്യമാണ്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it