പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് കൊല്ലുന്നവര്‍

നിര്‍ധന കുടുംബങ്ങളില്‍പെട്ട പെണ്‍കുട്ടികളെ ചൂഷണം ചെയ്താലും കൊലപ്പെടുത്തിയാലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്നാണ് സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരും കരുതുന്നത്. അധികാരത്തിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനവും പണവും ഉപയോഗിച്ച് ഏത് ക്രൂരകൃത്യത്തിലും ഏര്‍പ്പെടാന്‍ മടിയില്ലാത്തവരില്‍ പലരും അക്കാരണങ്ങള്‍ കൊണ്ടുതന്നെ നിയമത്തിന് മുന്നില്‍ അകപ്പെടാതെ പോകുന്നുമുണ്ട്. ഇങ്ങനെ തേച്ചുമായ്ച്ചുപോകപ്പെടുമായിരുന്ന ഒരു കേസാണ് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം മറനീക്കി പുറത്തുവന്നിരിക്കുന്നത്. തീര്‍ത്തും നിര്‍ധനകുടുംബത്തില്‍പെട്ട പട്ടികവര്‍ഗ ഉന്നതിയിലെ ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കുമൊടുവില്‍ അതൊരു കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. പെണ്‍കുട്ടി കൊല്ലപ്പെട്ടതായുള്ള സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും കൊലപാതകക്കുറ്റം തെളിയാത്തതിനാല്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്. പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ പട്ടികവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലെ സത്യങ്ങളാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ബിജു പൗലോസിനെതിരെ ചുമത്തിയത്. ഗാനമേളകളില്‍ ഒരുമിച്ച് പാടാന്‍ പോയതിന്റെ പരിചയം വെച്ച് കാഞ്ഞങ്ങാട്ട് താന്‍ വാടകയ്ക്കെടുത്ത് നല്‍കിയ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നും മൃതദേഹം പാണത്തൂര്‍ പവിത്രംകയത്തെ പുഴയില്‍ താഴ്ത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയത്. 2011ല്‍ കാസര്‍കോട് അഴിമുഖത്ത് നിന്ന് കിട്ടിയ മൃതദേഹത്തിന്റെ പ്രായം, ഉയരം, പാദസരം എന്നിവ വെച്ച് മൃതദേഹം ഒരു പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയും അസ്ഥികൂടം കാഞ്ഞങ്ങാട്ടെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. അത് പുറത്തെടുത്ത് ഡി.എന്‍.എ പരിശോധനക്കയച്ചിരിക്കുകയാണ്. ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കപ്പെടാതിരുന്ന കേസിലാണ് കോടതി ഇടപെടലിന്റെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫലമായി പുരോഗതിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ പാണത്തൂര്‍ ചേമ്പലാലില്‍ വീട്ടില്‍ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിനെ നേരത്തെ തന്നെ സംശയമുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

കുടക് സ്വദേശിനിയായ പതിനാലുകാരി സഫിയയെ കാണാതാവുകയും തിരോധാനം സംബന്ധിച്ച് നടന്ന വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഗോവയിലെ കരാറുകാരന്റെ ഫ്ളാറ്റിന് സമീപത്തെ കനാലിലാണ് സഫിയയുടെ മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. പെണ്‍കുട്ടികളെ കാണാതാകുന്ന കേസുകളില്‍ തെളിയിക്കപ്പെടാത്ത നിരവധി കേസുകളുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ ആവശ്യം കഴിയുമ്പോള്‍ കൊന്നു കുഴിച്ചുമൂടുന്ന ക്രൂരതകളാണ് അരങ്ങേറുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കണം.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it