തദ്ദേശതിരഞ്ഞെടുപ്പ് ഫലം പറയുന്നത്

തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടിയതോടെ മൂന്നാം എല്‍.ഡി.എഫ്. സര്‍ക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നത്തിന് മങ്ങലേറ്റിരിക്കുകയാണ്. ശബരിമല സ്വര്‍ണപാളി, പി.എംശ്രീ വിവാദങ്ങളും യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷ വോട്ട് ഏകീകരണവും എല്‍.ഡി.എഫിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഭരണനേട്ടങ്ങളില്‍ ഊന്നിയായിരുന്നു എല്‍.ഡി.എഫ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേന്ദ്രബിന്ദു. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും സ്ത്രീസുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചതും എല്‍.ഡി.എഫിന് വോട്ട് വര്‍ധനയുണ്ടാക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. യു.ഡി.എഫിലെ രാഹുല്‍ മാങ്കൂട്ടം വിവാദം നേട്ടമാകുമെന്ന് എല്‍.ഡി.എഫ് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍ ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്ന പാര്‍ട്ടി വിലയിരുത്തലില്‍ നിന്നാണ് അപ്രതീക്ഷിതമായ തകര്‍ച്ച നേരിട്ടതെന്നതും ശ്രദ്ധേയമാണ്. അതേസമയം ശബരിമല, ഭരണപരാജയം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു യു.ഡി.എഫ്. പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വര്‍ധന, വിലക്കയറ്റം തുടങ്ങിയവയും യു.ഡി.എഫ് പ്രചാരണായുധമാക്കി. രാഹുല്‍ മാങ്കൂട്ടം വിഷയം ശബരിമല സ്വര്‍ണപ്പാളി വിവാദമുപയോഗിച്ച് പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എന്‍.ഡി.എ. പ്രബലമായ കക്ഷിയായി ഉയര്‍ന്നുവരികയും ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ മേഖലകളിലൊക്കെയും യു.ഡി.എഫിനാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ എല്‍.ഡി.എഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യു.ഡി.എഫ് തിരിച്ചുവന്നു. ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൂടി പിടിച്ചെടുത്തത് ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകളില്‍ സാന്നിധ്യമുറപ്പിക്കാനും വോട്ട് വര്‍ധിപ്പിക്കാനും സാധിച്ചു. കൊല്ലം കോര്‍പ്പറേഷന്‍, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കുന്നവയാണെന്ന് ഫലം തെളിയിക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ വോട്ടുവര്‍ധന മതേതര കക്ഷികളില്‍ ഉയര്‍ത്തുന്ന ആശങ്ക വളരെ വലുതാണ്. തിരുവനന്തപുരത്തെ വിജയം ബി.ജെ.പി. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കുകയാണ്. പാലക്കാട് നഗരസഭ നിലനിര്‍ത്തുകയും നിരവധി പഞ്ചായത്തുകളില്‍ സാന്നിധ്യമുണ്ടാക്കുകയും ചെയ്തുവെന്നതും ബി.ജെ.പി. നേട്ടമായി കാണുന്നുണ്ട്. അങ്ങനെ അപ്രതീക്ഷിതമായ മുന്നേറ്റങ്ങളാണ് സംസ്ഥാനത്ത് യു.ഡി.എഫും എന്‍.ഡി.എയും നടത്തിയത്. വരും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകങ്ങളായി ഇതൊക്കെ മാറാനുള്ള സാധ്യതയുണ്ട്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it