'മളെഗാലദല്ലി കൊടെ ബിട്ടവ ഹെഡ്ഡ; ചളിഗാലദല്ലി ഹെണ്ടത്തി ബിട്ടവ ഹെഡ്ഡ'

കക്ഷിയുടെ പരിദേവനങ്ങളെല്ലാം വക്കീല്‍ അനുഭാവപൂര്‍വം കേട്ടു. നേരം വളരെ വൈകി. പുറത്തു കനത്ത മഴ അടങ്ങുന്നില്ല. കക്ഷി കുട കരുതിയിരുന്നുമില്ല. തിരിച്ചെത്തിക്കാമെന്ന വാഗ്ദാനത്തോടെ അയാള്‍ തല്‍ക്കാലം വക്കീലിന്റെ കുട വാങ്ങി പടിയിറങ്ങി. നേരിയ ഒരു ചിരിയോടെ വക്കീല്‍ പറഞ്ഞു: 'മളെഗാലദല്ലി കൊടെ ബിട്ടവ ഹെഡ്ഡ; ചളിഗാലദല്ലി ഹെണ്ടത്തി ബിട്ടവ ഹെഡ്ഡ.'

മുഹമ്മദ് നബി പറഞ്ഞു: ഇന്നഫില്‍ ബയാനി ലസിഹ്റാ; അതായത് സാഹിത്യത്തില്‍ വശീകരണമുണ്ടെന്ന്. ഒരു മനുഷ്യന്റെ വാക്കുകള്‍, ഉപദേശങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് വരുത്താറുണ്ട്. മഹാരാജാവും സുഖലോലുപനുമായിരുന്ന ഇബ്രാഹീം ഇബ്‌നു അദ്ഹം സൂഫിയാകുകയും പിന്നീട് സൂഫികളുടെ തലവനാകുകയും സദാസമയവും ദൈവസ്മരണാനിമഗ്‌നനായി ഊരുചുറ്റുകയും ചെയ്തതിന് പിന്നിലുള്ള ചരിത്രം വ്യത്യസ്തങ്ങളാണ്.

അവയിലൊന്ന്: രാജാവു പുലര്‍ച്ചെ പതിവു പ്രഭാതസവാരിക്കു തിരിച്ചെങ്കിലും വൈകാതെ കൊട്ടാരത്തിലേക്കു മടങ്ങി. അപ്പോഴുണ്ട് അദ്ദേഹത്തിന്റെ ആഢംബരനിബിഡമായ മുറിയിലെ അലംകൃതശയ്യയില്‍, അടിച്ചുവാരാന്‍ വന്ന ദാസി ചൂല്‍ മൂലയില്‍വെച്ചു സുഖനിദ്രയില്‍! കൊട്ടാരത്തിലെ ദാസിപ്പെണ്ണല്ലേ; കൗമാരം പടിയിറങ്ങാത്ത സൗന്ദര്യധാമമായിരിക്കണം അവള്‍. സംഗതി അതല്ല. മഹാരാജാവിന്റെ അലങ്കാരശയ്യയില്‍ കയറിയുറങ്ങാന്‍ മാത്രം അവള്‍ ആയോ? അരിശം പൂണ്ട അരശന്‍ ചാട്ടവാറില്‍ അവളുടെ ദേഹത്ത് ഒറ്റ അടി. അടി കിട്ടിയതും ദാസി ഞെട്ടിയുണര്‍ന്നു. മുഖമൊന്നുഴിഞ്ഞ് അവള്‍ ക്രുദ്ധനായ മന്നന്റെ മുഖത്തുനോക്കി ദു:ഖം ഒളിപ്പിച്ചുകൊണ്ടു ചിരിച്ചു. ഉടനെ അവള്‍ പൊട്ടിക്കരയുകയായി. ചിരിയും കരച്ചിലും ഒരുമിച്ച്! അതുകണ്ട അരശന് അതിശയമായി. ആ രംഗം കവി അതിമനോഹരമായി വിവരിക്കുകയാണ്. ഏതാനും വരികള്‍:

'സഹവാസ മുറിയിലടുത്തെ സമയത്തില്‍

ശറഫുറ്റെ വിരിപ്പ് തന്നില്‍

ദാസിയാം ഒരുത്തി അവളെകയ്യും വെച്ച്

ശയനമില്‍ നിനന്ത് കണ്ണില്‍

മഹ ചൊടി പുകിന്തോണ്ടടിത്തെ

പൊളുതന്തെ

മടവിയാള്‍ ഉണര്‍ന്ന് കൊണ്ടേ

മൗലാ തന്‍ മുഖത്തേക്ക് നോക്കി

ചിരിഞ്ഞവള്‍

മഅപൊട്ടിക്കരഞ്ഞു കൊണ്ടേ.'

അവസാനത്തെ രണ്ടുവരി ഏറ്റവും ഹൃദയസ്പര്‍ശിയും മനുഷ്യന്റെ സൂക്ഷ്മ സ്വഭാവത്തെ പ്രകടിപ്പിക്കുന്നതുമാണ്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ തല്ലുകൊണ്ടാല്‍ എല്ലാ ദു:ഖവും ഒളിപ്പിച്ചുകൊണ്ട് ആദ്യം ഒന്നു ചിരിക്കുന്നതുപോലെ ഭാവിക്കും. ദു:ഖം കടിച്ചുവെക്കാന്‍ കഴിയാതെ വരുമ്പോള്‍ പൊട്ടിക്കരയും. എന്നാല്‍ ഇതിനപ്പുറം ആ കൊട്ടാരദാസിയില്‍ ഉദാത്തമായ ഒരു ചിന്ത ഉദിച്ചിരുന്നു. അതവള്‍ അവതരിപ്പിക്കുകയും ചെയ്തു. അങ്ങയുടെ അത്യാഢംബരപൂര്‍വമായ മുറിയിലെ അലംകൃതശയ്യകണ്ട് ഞാനൊന്നു തലചായ്ച്ചു നോക്കിയതായിരുന്നു. എന്തൊരു സുഖം! ഞൊടിയിടയില്‍ ആ സുഖലോലുപതയില്‍പെട്ട് ഉറക്കില്‍ തെന്നിവീണു പോയതായിരുന്നു. ഒരുനിമിഷം ആ മെത്തയില്‍ അറിയാതെ ഉറങ്ങിപ്പോയതിനു അങ്ങയുടെ ചാട്ടവാറടി കൊണ്ടു. എന്നാല്‍ ജീവിതകാലം മുഴുവനും സുഖാഡംബരങ്ങളില്‍ കഴിഞ്ഞ അങ്ങയ്ക്കു ദൈവത്തില്‍നിന്നു കിട്ടുന്ന പ്രഹരത്തിന് കൈയും കണക്കുമുണ്ടാകുമോ? ആ നിമിഷം അദ്ദേഹത്തിന് മാനസാന്തരമുണ്ടാകുകയും എല്ലാ സുഖഭോഗങ്ങളും കൊട്ടാരവും വിട്ടു ശിഷ്ടജീവിതം മുഴുവന്‍ ഒരു സൂഫിയായി ഊരുചുറ്റി ജീവിക്കുകയും ചെയ്തു.

ഈ ചരിത്രമെല്ലാം ഓര്‍ക്കേണ്ടിവന്നത് ഒരു വക്കീലിന്റെ ഓര്‍ക്കാപ്പുറത്തുള്ള വാക്കുകള്‍ പിരിഞ്ഞുകഴിയുന്ന ദമ്പതികളെ യോജിപ്പിക്കാനിടയാക്കിയ അത്ഭുതസംഭവമാണ്. ഗുരുതരമായ വൈവാഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും വിവാഹമോചനത്തിന് വഴിയും തേടി അയാള്‍ വക്കീലിനെ സമീപിച്ചതായിരുന്നു. കക്ഷിയുടെ പരിദേവനങ്ങളെല്ലാം വക്കീല്‍ അനുഭാവപൂര്‍വം കേട്ടു. നേരം വളരെ വൈകി. പുറത്തു കനത്ത മഴ അടങ്ങുന്നില്ല. കക്ഷി കുട കരുതിയിരുന്നുമില്ല. തിരിച്ചെത്തിക്കാമെന്ന വാഗ്ദാനത്തോടെ അയാള്‍ തല്‍ക്കാലം വക്കീലിന്റെ കുട വാങ്ങി പടിയിറങ്ങി. നേരിയ ഒരു ചിരിയോടെ വക്കീല്‍ പറഞ്ഞു: 'മളെഗാലദല്ലി കൊടെ ബിട്ടവ ഹെഡ്ഡ; ചളിഗാലദല്ലി ഹെണ്ടത്തി ബിട്ടവ ഹെഡ്ഡ.' ദിവസങ്ങള്‍ ഏറെ കഴിഞ്ഞു. കക്ഷി വന്നില്ല. കുട എത്തിച്ചുമില്ല. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ആള്‍ മന്ദംമന്ദം നടന്നുവരുന്നത് വക്കീല്‍ കിളിവാതിലിലൂടെ കണ്ടു. സന്തോഷമായി, ഒരു കൈയില്‍ വക്കീലിന്റെ കുട പിടിച്ചും മറ്റേ കൈയില്‍ ഒരു പെണ്ണിന്റെ കൈപിടിച്ചും കിന്നാരം പറഞ്ഞു വരികയാണയാള്‍. അവന്‍ വീണ്ടും പെണ്ണുകെട്ടി? കുട കൈമാറിക്കൊണ്ട് വക്കീലിനോട്: കേസ് വേണ്ടാ സാര്‍. ഇതാണെന്റെ ഭാര്യ. ഞങ്ങള്‍ രാജിയായി. അവര്‍ തിരിച്ചുപോകാന്‍ ഭാവിക്കുമ്പോള്‍ വക്കീല്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തി. 'മളെഗാലദല്ലി കൊടെ ബിട്ടവ ഹെഡ്ഡ; ചളിഗാലദല്ലി ഹെണ്ടത്തി ബിട്ടവ ഹെഡ്ഡ'. അതൊരു ചളികാല (തണുപ്പുകാല)മായിരുന്നു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it