രാ മായണം; രാവ് മായട്ടെ വായനയിലൂടെ...

എന്തുകൊണ്ടാണ് കര്‍ക്കിടകം രാമായണം വായിക്കേണ്ട മാസം എന്ന് പറയുന്നത്? മറ്റു മാസങ്ങളില്‍ രാമായണം വായിക്കാന്‍ പാടില്ല എന്നുണ്ടോ? വായിക്കാം; എപ്പോള്‍ വേണമെങ്കിലും സൗകര്യം പോലെ വായിക്കാം. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നതിന് വിശേഷ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു പണ്ടുള്ളവര്‍.

കര്‍ക്കിടകം രാമായണമാസം. തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച രാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്ന മാസം. രാമായണം വായിക്കേണ്ട മാസം എന്ന് വിശ്വാസം. എന്തുകൊണ്ടാണ് കര്‍ക്കിടകം രാമായണം വായിക്കേണ്ട മാസം എന്ന് പറയുന്നത്? മറ്റു മാസങ്ങളില്‍ രാമായണം വായിക്കാന്‍ പാടില്ല എന്നുണ്ടോ? വായിക്കാം; എപ്പോള്‍ വേണമെങ്കിലും സൗകര്യം പോലെ വായിക്കാം. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നതിന് വിശേഷ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു പണ്ടുള്ളവര്‍. അത് ഇപ്പോഴും തുടരുന്നു പലരും. ഒരനുഷ്ഠാനം എന്ന നിലയ്ക്ക് ആകുമ്പോള്‍ ഒരു കുഴപ്പവും ഉണ്ട്. കര്‍ക്കിടകം, കര്‍ക്കടകം -രണ്ട് രീതിയിലും പറയാം. ഭാഷാ നിഘണ്ടു അവലംബം. കര്‍ക്കിടക മാസം ഒന്നാം തിയതി തുടങ്ങുന്ന പാരായണം 31 ആം തിയതി വരെ തുടരുക. എത്തിയേടത്ത് നിര്‍ത്തുക എന്നാകുമ്പോള്‍ എന്താണ് സംഭവിക്കുക.

'ശ്രീരാമ രാമ രാമ ശ്രീ രാമചന്ദ്ര ജയാ' എന്ന് തുടങ്ങി ശ്രീരാമചന്ദ്ര സ്വാമിയെന്മാനസേ ശ്രീ മഹാലക്ഷ്മിയോടുമതിനുവന്ദിക്കുന്നേന്‍ -ഇങ്ങനെ പറഞ്ഞടങ്ങീനാള്‍ കിളിമകള്‍ തിങ്ങിന ഭക്തി പൂണ്ടു വന്ദിച്ചാനെല്ലാവരും' എന്ന് ഉത്തരകാണ്ഡാവസാനം വരെ വായിച്ചു തീര്‍ക്കാന്‍ കഴിയുമോ എല്ലാവര്‍ക്കും? വായിച്ചുകൊണ്ടിരുന്നാല്‍ മതിയോ? അപ്പോള്‍, എത്തിയേടത്ത് നിര്‍ത്തും. അടുത്തകൊല്ലം കര്‍ക്കിടകം പിറക്കുമ്പോള്‍ വീണ്ടും പുസ്തകം എടുത്ത് 'ശ്രീരാമ രാമ' എന്ന് തുടങ്ങും. രാമായണം കിളിപ്പാട്ട് ആദ്യവസാനം വായിച്ചിട്ടുള്ളവര്‍ എത്ര പേരുണ്ടാകും മലയാളക്കരയില്‍. സുന്ദരകാണ്ഡം വായിക്കുക എളുപ്പമല്ല. 'സകല ശുക കുല വിമല തിലകിതകളേബരേ, സാരസ്യപീയൂഷ സാരസര്‍വസ്വമേ...!' ശ്വാസംമുട്ടും.

രാമായണം വാത്മീകി മഹര്‍ഷിയുടെ രചനയാണ് ആദികാവ്യം. ഗുണവാനും വീര്യവാനുമായ യഥാര്‍ത്ഥ നരന്റെ കഥ. വാത്മീകിക്ക് ശേഷം അനേകം രാമായണങ്ങള്‍ രചിക്കപ്പെട്ടു. വാത്മീകി രാമായണത്തില്‍ തന്നെയുണ്ട് അതിന്റെ സൂചന. സീത പറയുന്നു: 'രാമായണങ്ങള്‍ പലതും കവി വരര്‍, ആമോദമോട് പറഞ്ഞു കേള്‍പ്പുണ്ട് ഞാന്‍.' (അയോധ്യാ കാണ്ഡം). രാമന്‍ കാട്ടിലേക്ക് പുറപ്പെടുമ്പോള്‍ സീതയും കൂടെ പോകാന്‍ ഇറങ്ങുന്നു. രാമന്‍ തടയുന്നു. അപ്പോള്‍ സീത പറയുന്നു: 'അനേകം രാമായണങ്ങള്‍ ഞാന്‍ പലരും ചൊല്ലി കേട്ടിട്ടുണ്ട്. സീതയെ ഒപ്പം കൂട്ടാതെ രാമന്‍ തനിച്ചു പോയതായി എവിടെയും പറയുന്നില്ല.' എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? കവികള്‍ എഴുതിയതുപോലെ, പാടിയത് പോലെ, അഭിനയിക്കുകയാണോ രാമനും സീതയും ചെയ്തത്?

ആ വിഷയം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കര്‍ക്കിടകത്തില്‍ തന്നെ രാമായണം വായിക്കണം എന്ന് പറയുന്നത് എന്തിന്? കര്‍ക്കിടകത്തിലെ സാഹചര്യം ആവശ്യപ്പെടുന്നു. പട്ടിണി മാസമാണ് കര്‍ക്കിടകം. ഇടവിടാത്ത ഘോരമഴ. പുറത്തിറങ്ങാന്‍ ഒക്കാത്ത കാലാവസ്ഥ. അപ്പോള്‍ ആഗ്രഹിച്ചു പോകും 'രാ മായണം', 'രാത്രി മായണം' എന്ന്. രാവ് മായണമെന്ന്. രാ മായണം. രാവ് -ഇരുട്ട് -മായട്ടെ; രാമായണം മാത്രമല്ല ഉത്തമ ഗ്രന്ഥങ്ങളുടെ വായനയിലൂടെ.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it