മില്‍മയുടെ വെണ്‍മ; ഉത്തരദേശത്തിന്റെ നന്മ

സായാഹ്ന പത്രങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും തിരോധാനം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഉത്തരദേശം ചിരഞ്ജീവിയായി നിലകൊള്ളുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പാഥേയത്തില്‍ ഒരു പുതിയ രീതി ആവിഷ്‌ക്കരിക്കുകയും മാതൃകയാക്കുകയും ചെയ്ത സുകൃതമാണ് കെ.എം അഹ്മദ്. ഉത്തരദേശം മഹത്വമുള്ള ഉല്‍പന്നവുമായി.

ലോക മഹായുദ്ധങ്ങളുടെ പ്രത്യാഘാതം മൂലം വലിയ വറുതിയിലായിരുന്ന കാലത്ത് കാസര്‍കോടിന് കുറച്ചു വടക്കുളള ഗ്രാമത്തിലുണ്ടായ ഒരു സംഭവം. കൈയില്‍ നാലു കോഴിമുട്ട ഏല്‍പിച്ച് പീടികയില്‍ പോയി രണ്ടു മുട്ടക്ക് പാലും രണ്ടു മുട്ടക്ക് പഞ്ചസാരയും കൊണ്ടുവരാന്‍ കുട്ടിയെ ഉമ്മ പറഞ്ഞയച്ചു. പീടികയില്‍ പഞ്ചസാര ഇല്ലാത്തതിനാല്‍ കുട്ടി കരുതിയിരുന്ന ചെറിയ പാത്രത്തില്‍ പാല്‍ വാങ്ങി ബാക്കിയുള്ള രണ്ടു മുട്ടയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുട്ടിയല്ലേ? വഴിയില്‍ വെച്ച് കൂട്ടുകാരെ കണ്ടുമുട്ടിയപ്പോള്‍ കുറച്ചുനേരം കളിച്ചേക്കാമെന്ന് അവന് തോന്നി. അങ്ങനെ ഉരുട്ടികളിച്ചപ്പോള്‍ മുട്ട ഉടഞ്ഞുപോവുകയും പാത്രത്തിലെ പാല്‍ മറിഞ്ഞുപോവുകയും ചെയ്തു. വെറുംകൈയോടെ വീട്ടിലെത്തിയപ്പോള്‍ കുട്ടി മുട്ട ഉരുട്ടിക്കളിച്ചു പൊട്ടിച്ചതു മനസ്സിലാക്കിയ ഉമ്മ ചൊടിക്കുകയും അവന് തല്ലു കൊടുക്കുകയും ചെയ്തു. കരഞ്ഞു കൊണ്ട്കുട്ടിയുടെ ചോദ്യം: 'തല ശരിയുള്ള ആരെങ്കിലും എന്റെ കൈയില്‍ മുട്ടതരുമോ?'.

ആ കുട്ടി വലുതായി, സുന്ദരനായി ബോംബെയില്‍ ചെന്ന് പല കച്ചവടവും നടത്തി കാശുണ്ടാക്കി പൊന്നിന്റെ പല്ലു വെച്ചു നാട്ടില്‍ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സദാ പുഞ്ചിരിതൂകുന്ന അവന്റെ വട്ടമുഖത്തിന് ആ പൊന്‍പല്ലു നല്ല പോലെ ചേരുന്നുണ്ടായിരുന്നു.

ദ്രവപദാര്‍ത്ഥങ്ങള്‍ പാത്രങ്ങള്‍ കൊണ്ടുപോയി വാങ്ങിയിരുന ഒരു കാലത്താണ് 'മില്‍മ'യുടെ ആവിര്‍ഭാവം. ദ്രാവകങ്ങള്‍ പൊതിഞ്ഞുനല്‍കുന്ന ഈ രീതി വിപ്ലവാത്മകമായ പുരോഗതിയായിരുന്നു. 'കാസര്‍കോട് മില്‍മയും ഉത്തരദേശവും ജനിച്ചത് ഏതാണ്ട് ഒരേ കാലത്തായിരുന്നു. ഉള്‍നാടുകളില്‍ നിന്ന് വരുന്നവരും മില്‍മയും ഉത്തരദേശവും വാങ്ങിയിട്ടേ തിരിച്ചു പോകൂ.

പത്ര വില്‍പന നടത്തുന്ന കുട്ടികള്‍ ബസില്‍ കയറി 'ഉത്തരേസ്, ഉത്തരേസ്, ഉത്താ...രേ...സ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു വില്‍ന നടത്തുന്നതും കടല വില്‍പനക്കാരന്‍ കഡ്ഡ്, കഡ്‌ലെ, കഡ്ഡല്ലേ... എന്നു വിളിച്ചു പറയുന്നതും കൗതുകക്കാഴ്ച്ച തന്നെയായിരുന്നു.

പത്രപ്രവര്‍ത്തനം മൂല്യാധിഷ്ഠിതമായിരിക്കണമെന്ന കണിശക്കാരനായിരുന്നു കെ.എം അഹ്മദ്. അദ്ദഹത്തിന്റെ എഡിറ്റോറിയലുകളുടെയും ലേഖനങ്ങളുടെയും മുഖമുദ്രയും ഈ തത്വം തന്നെയായിരുന്നു. സായാഹ്ന പത്രങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും തീരോധാനം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഉത്തരദേശം ചിരഞ്ജീവിയായി നിലകൊള്ളുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പാഥേയത്തില്‍ ഒരു പുതിയ രീതി ആവിഷ്‌ക്കരിക്കുകയും മാതൃകയാക്കുകയും ചെയ്ത സുകൃതമാണ് കെ.എം അഹ്മദ്. ഉത്തരദേശം മഹത്വമുള്ള ഉല്‍പന്നവുമായി. ഗ്രാമങ്ങളുടെ മുക്കുമൂലകളില്‍ തങ്ങിക്കിടക്കുന്ന വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ ജാഗ്രതയോടെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുന്നു എന്നതാണ് ഉത്തരദേശം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ശ്ലാഘനീയമായ സേവനം. സമകാലിക പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്ത്, കെ. ബാലകൃഷ്ണന്‍ എഴുതി ഈയിടെയായി ബുധനാഴ്ച തോറും വിച്ഛേദം കൂടാതെ വരുന്ന ലേഖനങ്ങളും ഉത്തരദേശത്തിന് കനം കൂട്ടുന്നു. എങ്കില്‍ പോലും പത്രത്തിന്റെ പ്രചാരണത്തിനും അതു ജനങ്ങളുടെ കൈകളില്‍ എത്തിക്കുന്നതിനും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കണം എന്നു പറയാന്‍ തോന്നുന്നു. ചൂടുള്ള പ്രാദേശിക വാര്‍ത്തകള്‍ അപ്പപ്പോള്‍ കിട്ടുവാന്‍ സായാഹ്ന പത്രങ്ങള്‍ നിര്‍വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു കാലത്ത് എം.എച്ച് സീതിയുടെ അനീസബുക്ക് സ്റ്റാളില്‍ ചൂടപ്പം പോലെ ഉത്തരദേശം വിതരണം ചെയ്തത് ഓര്‍മയിലെത്തുന്നു. ഷംനാട് സാഹിബടക്കം പലരുംഇംഗ്ലീഷ്-മലയാളം മുഖ്യധാരാ പത്രങ്ങള്‍ വാങ്ങുന്നതോടൊപ്പം ഉത്തരദേശം വാങ്ങിയിരുന്നതും ആ പത്രത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നു. ഉത്തരദേശത്തിനും ഉത്തരദേശത്തിലുള്ളവര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും! മില്‍മയ്ക്കും.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it