ഹജ്ജ്: ത്യാഗം, സമര്‍പ്പണം

വീണ്ടും ഹജ്ജ് കാലം വന്നെത്തി. മക്ക നിറഞ്ഞു കവിഞ്ഞു. ഞങ്ങളും ഈ പുണ്യഭൂമിയില്‍ പ്രാര്‍ത്ഥനയോടെ പ്രതീക്ഷയിലാണ് ത്യാഗോജ്വലമായ സമര്‍പ്പണത്തിന്റെ ചരിത്രം അയവിറക്കാന്‍.

നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഒരുപ്പയും മോനും കൂടി മക്കയിലെ മിന താഴ്‌വരയില്‍ കൂടി നടക്കുകയാണ്. ഉപ്പയുടെ കയ്യില്‍ മൂര്‍ച്ചയേറിയ കഠാരയും ബലിഷ്ടമായ കയറും. ഉപ്പയുടെ കൈ മുറുകെ പിടിച്ചുകൊണ്ടാണ് മോന്റെ നടത്തം. വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയാണത്.

പ്രവാചകന്‍ ഇബ്രാഹിമും മോന്‍ ഇസ്മായിലുമാണ് ആ ഉപ്പയും മോനും. തന്റെ വാര്‍ധക്യത്തില്‍ ലഭിച്ച അരുമ സന്താനത്തെ ദൈവ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാനാണ് മിനായിലേക്ക് അവര്‍ പോകുന്നത്. പ്രിയപ്പെട്ട മോനെ നഷ്ടപ്പെടുന്നതിലുള്ള ദു:ഖമല്ല മറിച്ച് ദൈവമാര്‍ഗത്തില്‍ മകനെ ബലിയര്‍പ്പിക്കുന്നതിലുള്ള സന്തോഷമാണ് ആ പിതാവിന്റെ മുഖത്ത്. താന്‍ ബലിക്കല്ലില്‍ ഹോമിക്കപ്പെടാന്‍ പോകുന്നവനാണ് എന്നറിഞ്ഞിട്ടും കുഞ്ഞുമോന്‍ ഇസ്മയിലിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി ദൈവ സ്‌നേഹത്തിന്റെ പ്രകടനമാണ്.

അവിടം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. ഒരുപ്പയുടെയും മോന്റെയും തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ചരിത്രം. അത് അനുസ്മരിക്കാനാണ് ഹാജിമാര്‍ ഓരോ വര്‍ഷവും മിന താഴ്‌വരയില്‍ എത്തുന്നത്. ഇബ്രാഹീമീ മില്ലത്തിന്റെ തടര്‍ച്ചയാണ് മുഹമ്മദീ ഉമ്മത്ത് എന്ന് തെളിയിക്കുകയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിലൂടെ.

പിന്നീട് പ്രവാചകന്‍ ഇബ്‌റാഹിമും മകന്‍ ഇസ്മായിലും ദൈവ കല്പന പ്രകാരം മക്കയില്‍ കഅബാലയത്തിന്റെ പുനര്‍ നിര്‍മ്മാണം നടത്തി. ഭവനം പൂര്‍ത്തിയായപ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് അല്ലാഹു ലോകരെ മുഴുവന്‍ വിളിക്കാന്‍ ഇബ്രാഹിമിനോട് ആജ്ഞാപിക്കുന്നത്. ആദ്യം ഇബ്രഹിം ഒന്നു സംശയിച്ചു, ഈ വിജനമായ മരുഭൂമിയില്‍ ആരെന്റെ വിളി കേള്‍ക്കാന്‍? അല്ലാഹു ഇബ്രാഹിമിനോട് പറഞ്ഞു, നീ വിളിക്കുക കേള്‍പ്പിക്കുന്നവന്‍ നാമാണ്. ഇബ്രാഹീം നബി വിളിച്ചു, അല്ലാഹു കേള്‍പ്പിച്ചു. അങ്ങനെ തീര്‍ത്ഥാടനത്തിന്റെ പര്യായമായി മക്ക. സഹസ്രാബ്ദങ്ങളായി ആളുകള്‍ ഒഴുകുകയാണ് മക്കയിലേക്ക്. പ്രവാചകന്‍ ഇബ്രാഹിമില്‍ നിന്നും അനന്തരമായി കിട്ടിയ ഒരു ഉടുതുണിയും ഒരുത്തരീയവും ധരിച്ചു കൊണ്ടാണ് ഓരോ തീര്‍ത്ഥാടകനും മക്കയിലെത്തുന്നത്.

ശാരീരികവും മാനസീകവുമായ വിശുദ്ധിയോടെ ആത്മീതയുടെ പരകോടിയിലേക്കുള്ള യാത്രയാണ് ഹജ്ജ്. ആത്മീയതയിലലിഞ്ഞ് ചേര്‍ന്ന് പശ്ചാത്തപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴാണ് ഹാജി ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.

ഹജ്ജിന്റെ ഓരോ അനുഷ്ഠാനങ്ങളും ഓര്‍മ്മപ്പെടുത്തുന്നത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ചരിത്രമാണ്. കഅബയെ പ്രദക്ഷിണം ചെയ്യുക, സഫ മര്‍വയിലൂടെയുള്ള നടത്തം, ബലികര്‍മ്മം എല്ലാം ഈ കുടുംബത്തിന്റെ അടയാളപ്പെടുത്തലുകളാണ്. നംറൂദിന്റെ അഗ്‌നിപരീക്ഷണത്തില്‍ മലക്കുകളുടെ സഹായം പോലും തിരസ്‌കരിച്ച ഇബ്രാഹിം, മക്കയിലെ ഏകാന്തതയില്‍ താനും മകനും പാഴായിപ്പോവുകയില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഒരിക്കലും വറ്റാത്ത സംസം നേടിയെടുത്ത ഹാജറ, ദൈവപ്രീതിക്ക് വേണ്ടി സ്വയം സമര്‍പ്പിതനായ കുഞ്ഞുമോന്‍ ഇസ്മായീല്‍! അതായത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗവും സമര്‍പ്പണവും ആണ് ഹജ്ജ്. ഇബ്രാഹിമിന്റെ കറകളഞ്ഞ വിശ്വാസവും ഹാജറയുടെ അറ്റമില്ലാത്ത പ്രതീക്ഷയും ഇസ്മായിലിന്റെ തുല്യതയില്ലാത്ത അനുസരണവുമാണ് ഹാജി സ്വായത്തമാക്കേണ്ട ഗുണങ്ങള്‍. വീണ്ടും ഹജ്ജ് കാലം വന്നെത്തി. മക്ക നിറഞ്ഞു കവിഞ്ഞു. ഞങ്ങളും ഈ പുണ്യഭൂമിയില്‍ പ്രാര്‍ത്ഥനയോടെ പ്രതീക്ഷയിലാണ് ത്യാഗോജ്വലമായ സമര്‍പ്പണത്തിന്റെ ചരിത്രം അയവിറക്കാന്‍. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍. സര്‍വ്വശക്തന്‍ തുണക്കട്ടെ.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it