ഞാറ്റുവേലയും വിഷുവും...

വീണ്ടും ഞാറ്റുവേലയും വിഷുവും വരവായി. അതായത് സൂര്യന്റെ സമയം. സൂര്യതാപം അതിന്റെ മുഴുവന്‍ ശക്തിയുമുപയോഗിക്കുമ്പോള്‍ അതിനെതിരെ ഒത്തൊരുമിച്ചു നില്‍ക്കാന്‍ കര്‍ഷക സമൂഹം ആര്‍ജവം നേടുന്ന സമയം. കാലാവസ്ഥക്ക് അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന അതിപുരാതനവും ക്ലിപ്തവുമായ ഒരു സമയപ്പട്ടികയുടെ വാര്‍ഷിക തുടക്കം വിഷുവായതാണ്.

വേനലിന്റെ തീയലകളില്‍ കുളിര്‍മയാകുന്ന ഓര്‍മകളുടെ ഇലച്ചാര്‍ത്തായി വീണ്ടും ഞാറ്റുവേലയും വിഷുവും വരവായി. അതായത് സൂര്യന്റെ സമയം. സൂര്യതാപം അതിന്റെ മുഴുവന്‍ ശക്തിയുമുപയോഗിക്കുമ്പോള്‍ അതിനെതിരെ ഒത്തൊരുമിച്ചു നില്‍ക്കാന്‍ കര്‍ഷക സമൂഹം ആര്‍ജവം നേടുന്ന സമയം. കാലാവസ്ഥയ്ക്കനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന അതിപുരാതനവും ക്ലിപ്തവുമായ ഒരു സമയപ്പട്ടികയുടെ വാര്‍ഷിക തുടക്കം വിഷുവായതാണ്.

കര്‍ഷകന്റെ പുതുവര്‍ഷം ചിങ്ങം ആയിരുന്നില്ല. അവിടെ പ്രസക്തമായത് ജനകീയമായ മറ്റൊരു ദിന സരിയയായിരുന്നു. ഞാറ്റുവേല കലണ്ടര്‍ -മേടത്തില്‍ ആരംഭിച്ച് മീനത്തില്‍ അവസാനിക്കുന്ന കര്‍ഷകന്റെ സ്വന്തം കലണ്ടര്‍. അശ്വതി മുതല്‍ 27 നക്ഷത്രങ്ങളുടെ പേരില്‍ ക്രമമായി ചിട്ടപ്പെടുത്തിയ 13 ദിവസങ്ങള്‍ വീതമുള്ള വേലച്ചാര്‍ത്ത് തുടങ്ങുന്നത് വിഷുവിനാണ്.

ഞാറ്റുവേല രാശിചക്രം ജ്യോതിഷ ബന്ധിതമായിരുന്നില്ല. കാലാകാലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ക്രമീകരണം മാത്രമായിരുന്നു. വിഷുവില്‍ തുടങ്ങുന്നത് പ്രധാനമായും നെല്ലിനെ സംബന്ധിക്കുന്ന കാര്‍ഷിക വൃത്തികളാണ്. ഏപ്രില്‍ 14 മുതല്‍ നവംബര്‍ വരെയുള്ള 15 ഞാറ്റുവേലകള്‍ അടങ്ങുന്ന ഈ വേള വിത്തിടല്‍, വളപ്രയോഗം, ജലസേചനം, കള നിയന്ത്രണം, രോഗപ്രതിരോധം, ഇവയ്ക്കുള്ള നടപടികള്‍ എപ്പോള്‍ എങ്ങനെ എന്ന് വ്യക്തമായി പറഞ്ഞിരുന്നതാണ്. ഇതിനുള്ള തുടക്കം എന്നതിനാലാണ് വിഷുവിന് പ്രസക്തി ഉണ്ടായത്. വിഷുവിന് മുമ്പ് ഒന്നോ രണ്ടോ ഇടിമഴ പെയ്തിരിക്കുമെന്ന് പഴയ കര്‍ഷക മനസ്സുകളുടെ ഒരു കണക്കാണ്. എന്നാല്‍ കാലാവസ്ഥ തലകുത്തനെ പോരാഞ്ഞ് നാലഞ്ച് മലക്കം കൂടി മറിഞ്ഞശേഷം ഇനി എന്ത് എന്ന് ചോദിക്കുന്ന ഇക്കാലത്ത് ഇവയെല്ലാം വെറും വായ്ത്താരി മാത്രമാവുകയാണ്. എങ്കിലും ഞാറു നടീലിനെ സംബന്ധിച്ച് വിഷുക്കാലത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഒന്നാം വിളയുടെ കാലത്ത് വിത്തുപാകല്‍ നടത്തിയിരുന്നത് മകയീര്യം ഞാറ്റുവേലക്കായിരുന്നു. ഞാറ് പറിച്ചുനടുന്നത് തിരുവാതിരക്കും.

ഞാറു വളര്‍ന്ന് നാലഞ്ച് ഇല പാകമാകുമ്പോഴാണ് പറിച്ചുനടുന്നത്. മഴ തിമിര്‍ത്തു പെയ്യുന്ന കാലമാണ് മകീര്യം ഞാറ്റുവേല. എന്നാല്‍ തിരുവാതിരയില്‍ മഴ തെല്ലൊന്നു ശമിക്കും. ഇഷ്ടാനുസരണം വെള്ളം വാര്‍ത്തുകളയുന്നതിനും അതുപോലെ വെള്ളം കയറ്റി നിര്‍ത്തുന്നതിനും ഇത് അവസരം ഒരുക്കും.

പകലിന്റെ നീളമേറാന്‍ പോകുന്നു എന്നതാണ് വിഷു കര്‍ഷകര്‍ക്ക് നല്‍കുന്ന മറ്റൊരു പാഠം. മേടം മുതല്‍ നീണ്ടു തുടങ്ങും. ഈ കാലാവസ്ഥ വ്യതിയാനത്തിന്റെ ബാഹ്യസൂചകം കൂടിയാണ് കണിക്കൊന്നയുടെ പൂവിടല്‍. പൂക്കളും കായികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഫോട്ടോ പിരിയോഡിസം എന്ന പേരില്‍ ചെടികളുടെ ഈ സ്വാഭാവിക പ്രതികരണം പോലും വിളയിനത്തിന്റെ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ ഈ പാരമ്പര്യ ജ്ഞാനത്തെ ഉപയോഗപ്പെടുത്തിയിരുന്നു. കണിക്ക് മുമ്പ് വിതയ്ക്കുന്ന മുതിരയാണ് ഒരു ഉദാഹരണം. എന്തായാലും വിഷു അധ്വാനത്തിന്റെയും അതിന്റെ സുനിശ്ചിത വിജയത്തിന്റെയും സാക്ഷ്യം തന്നെയാണ്. പഴമനസ്സുകള്‍ ഇപ്പോഴും പറയുന്നത് ഇതു തന്നെ...

മൂന്ന് കൃഷിക്കാലമാണ് മലയാളക്കരയില്‍ നെല്ലിനങ്ങള്‍ക്കുള്ളത്.

ഒന്നാംവിള, രണ്ടാം വിള, വിരിപ്പും പുഞ്ചയും. ഇതില്‍ വിരിപ്പ് കൃഷിയുടെ നാന്ദിയാണ് വിഷു. പൊടിയില്‍ വിത്ത് ഇടുന്നത് വിഷുദിനത്തിലാണ്. നിലം ഉഴുത് പരുവപ്പെടുത്തി പൊടിപിടിച്ച് വിത്തിടാന്‍ പറ്റിയ സമയമാണ് ഇത്. സൂര്യന്‍ മണ്ണോളം തന്നെ തൊലിയെയും പൊള്ളിക്കുന്ന സമയമാണെങ്കിലും മുളയ്ക്കല്‍ പ്രക്രിയയ്ക്ക് ആവശ്യമായ ചില മുന്നൊരുക്കങ്ങള്‍ നടത്താന്‍ നെല്‍വിത്തിന് സമയം നല്‍കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ചുട്ടുപഴുത്ത മണ്ണിനുള്ളിലും അടിയീര്‍പ്പത്തിന്റെ കുളിര്‍മയില്‍ തണലേറ്റ് കിടക്കുന്ന വിത്ത് തഴപ്പേറുന്ന നെല്‍ച്ചെടികളായിട്ടായിരിക്കും വളര്‍ന്നു വരിക. വിഷുവിന് മൂന്ന് ദിവസം മുമ്പ് വിത്തിടുന്ന തരത്തില്‍ ചില പ്രാദേശിക ഭേദങ്ങള്‍ നിലവിലുണ്ടെങ്കിലും സാധാരണഗതിയില്‍ കേരളക്കരയാകെ അനുവര്‍ത്തിച്ചിരുന്ന ഒന്നാണ് വിഷുനാളിലെ ഈ 'നുര വിത്തിടല്‍' പ്രക്രിയ. 'കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി' എന്നാണ് പഴമൊഴി...

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it