വൈദ്യുതി പ്രതിസന്ധിക്ക് രണ്ട് ദിവസത്തിനകം പരിഹാരമെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ വൈദ്യുതി ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നും എ.കെ.എം അഷ്റഫും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലോഡ് നിയന്ത്രണത്തെ തുടര്‍ന്ന് 110 കെ.വി കൊണാജെ മഞ്ചേശ്വരം ഫീഡര്‍ തിങ്കളാഴ്ച മുതല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തകരാറിലായ കെ.പി.ടി. സി.എല്ലിന്റെ 220 കെ.വി വറായ് ഹെഗ്ഗുന്‍ജെ ഫീഡര്‍ റിപ്പയര്‍ ചെയ്യുന്നത് കൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. റിപ്പയറിംഗ് ജോലി പൂര്‍ത്തീകരിക്കാന്‍ അഞ്ച് ദിവസത്തിലധികം വേണ്ടി വരുമെന്നാണ് കര്‍ണാടക അധികൃതര്‍ അറിയിച്ചത്.

യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കര്‍ണാടക അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയ മന്ത്രി കര്‍ണാടകയിലെ വൈദ്യുതി വകുപ്പിലെ അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കി.

രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എല്‍.എമാര്‍ അറിയിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it