പാലത്തായി പീഡനക്കേസിലെ പ്രതിയെ ശിക്ഷിച്ച കോടതി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി സ്ത്രീക്ക് പരുക്ക്
സംഭവത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു

പാനൂര്‍: പാലത്തായി പീഡനക്കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്. കടവത്തൂരിലാണ് സംഭവം. സംഭവത്തില്‍ കടവത്തൂര്‍ സ്വദേശി ലീലയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.
കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ അധ്യാപകനായി ജോലി ചെയ്യുന്ന സ്‌കൂളിലെ നാലാംക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഏറെ വിവാദമുണ്ടാക്കിയ കേസ് ക്രൈബ്രാഞ്ച് അന്വേഷിച്ചെങ്കിലും പീഡനം നടത്തിയതിന് തെളിവ് ലഭിച്ചില്ല.
തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പത്മരാജനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ തന്നെ പാര്‍ട്ടി ഇതേ നിലപാട് തുടരുകയായിരുന്നു.

