മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത കവര്‍ച്ചാ കേസിലെ പ്രതി കുമ്പളയിലെ സ്‌കൂട്ടര്‍ മോഷണക്കേസിലും പ്രതി

കുമ്പള: മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി കുമ്പളയില്‍ നടന്ന സ്‌കൂട്ടര്‍ മോഷണക്കേസിലും പ്രതി. കണ്ണൂര്‍ വെള്ളാട്ടെ അലക്‌സ് ഡൊമിനിക്കി(39)നെയാണ് മംഗളൂരു പൊലീസ് എതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുചക്ര വാഹന മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുമ്പളയില്‍ ഒരു സ്‌കൂട്ടര്‍ കവര്‍ന്നതായി പ്രതി സമ്മതിച്ചു. നവംബര്‍ 17ന് കാഞ്ഞങ്ങാട്ട് ജോലിക്ക് പോകുമ്പോള്‍ കൊടിയമ്മയിലെ ഭവ്യ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയതായി മനസിലായത്. മംഗളൂരു കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്ത അലക്സ് ഡൊമിനിക്ക് കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ജയിലില്‍ കഴിയുകയായിരുന്നു. ഡൊമിനിക്കിനെ കോടതി ഇന്നലെ കുമ്പള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇന്നുച്ചയോടെ കര്‍ണ്ണാടക കോടതിയില്‍ വീണ്ടും ഹാജരാക്കും.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it