അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം; സുവര്‍ണക്ഷേത്ര കവാടത്തില്‍ വെടിവെപ്പ്; ദൃശ്യങ്ങള്‍

വെടിയുതിര്‍ത്തയാളെ പരിസരത്തുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തി


ചണ്ഡീഗഡ്‌:അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍ വെച്ച് വെടിവെപ്പ്. തലനാരിഴയ്ക്കാണ് സുഖ്ബീര്‍ രക്ഷപ്പെട്ടത്. വെടിയുതിര്‍ത്തയാളെ പരിസരത്തുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തി.ഗുര്‍ദാസ്പൂര്‍ ജില്ലയിലെ നരേയ്ന്‍ സിംഗാണ് അക്രമി എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും അമൃത്സര്‍ പൊലീസ് കമ്മീഷ്ണര്‍ ഗുര്‍പ്രീസ് സിംഗ് വ്യക്തമാക്കി.അക്രമി നരേന്‍ സിംഗിന് ഖലിസ്ഥാന്‍ തീവ്രവാദി ഗ്രൂപ്പായ ബാബ്ബര്‍ ഖല്‍സയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

2007-17 കാലത്തെ അകാലിദള്‍ ഭരണത്തില്‍ നടത്തിയ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ വീഴ്ചകളെ മുന്‍നിര്‍ത്തി സിഖ് സംഘടനയായ അകാല്‍ തഖ്തിന്റെ ശിക്ഷാനടപടികള്‍ക്ക് വിധേയനായി വരികയായിരുന്നു സുഖ്ബീര്‍ സിംഗ്. ഇതിന്റെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ വീല്‍ചെയറില്‍ കാവലിരിക്കുകയായിരുന്നു . സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ ശുചിമുറികളും അടുക്കളകളും വൃത്തിയാക്കണം, രണ്ട് ദിവസം കാവല്‍ജോലി, കഴുത്തില്‍ പ്ലക്കാഡ്, കാവല്‍ നില്‍ക്കുമ്പോള്‍ കയ്യില്‍ കുന്തം കരുതണം, ഒരു മണിക്കൂര്‍ കീര്‍ത്തനം ആലപിക്കണം തുടങ്ങിയവയായിരുന്നു ശിക്ഷാവിധിയില്‍ ഉണ്ടായിരുന്നത്. മന്ത്രിസഭയില്‍ അംഗത്വം വഹിച്ചവര്‍ക്ക് ശിക്ഷ ബാധകമായിരുന്നു. ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം സുഖ്ബീര്‍ സിംഗ് ബാദല്‍ രാജിവെച്ചിരുന്നു.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it