കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മാസ്റ്റര്‍ പ്ലാന്‍; ഡ്രോണ്‍ സര്‍വ്വെക്ക് തുടക്കം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് സര്‍വ്വെ തുടങ്ങി. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡ്രോണ്‍ സര്‍വ്വേ തുടങ്ങിയത്. 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കുശാല്‍നഗറില്‍ നിന്നാണ് തുടങ്ങിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ, തദ്ദേശ സ്വയംഭരണ പ്ലാനിംഗ് വിഭാഗം അസി. ടൗണ്‍ പ്ലാനര്‍ പി.വി ബൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് സര്‍വ്വെ തുടങ്ങിയത്. സര്‍വ്വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെയില്‍ എന്ന സ്ഥാപനമാണ് നേതൃത്വം നല്‍കുന്നത്. സര്‍വ്വെക്ക് പിന്നാലെ സര്‍വ്വെ ഓഫ് ഇന്ത്യ നഗരസഭയുടെ ഭൂപടവും തയ്യാറാക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ഇതിനായി 75 ലക്ഷം രൂപ വരെ നഗരസഭകള്‍ക്ക് അനുവദിക്കും. വരുന്ന രണ്ട് പതിറ്റാണ്ട് കാലത്തേക്കുള്ള വികസന ആവശ്യങ്ങള്‍ കണ്ടെത്തി അവയ്ക്കാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും പാതകള്‍, പാലങ്ങള്‍, മറ്റുനിര്‍മ്മിതികള്‍ എന്നിവ ക്രമീകരിക്കുന്നതിനും ഗതാഗത ശൃംഖലയൊരുക്കുന്നതിനും കൃഷി, മൃഗസംരക്ഷണം, വ്യവസായം, ടൂറിസം തുടങ്ങിയവയ്ക്ക് അനുയോജ്യമായ മേഖലകള്‍ കണ്ടെത്തുന്നതിനും മാസ്റ്റര്‍ പ്ലാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നഗര സഭയ്ക്കായി തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനില്‍ കൂട്ടി ചേര്‍ക്കലുകള്‍ വരുത്തിയായിരിക്കും പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.

എച്ച്.എല്‍ ശിവരാജ് കുമാര്‍, എം. ചരണ്‍ രാജ്, പ്രശാന്ത ഘോഷ്, വേണുഗോപാല്‍ എന്നിവരാണ് ഡ്രോണ്‍ സര്‍വ്വെയ്ക്ക് നേതൃത്വം നല്‍കുന്നത്.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it