എം.ടി വേറിട്ട സംവേദന ക്ഷമത രൂപീകരിച്ച എഴുത്തുകാരന്‍ -ഡോ. ഖാദര്‍ മാങ്ങാട്

കാസര്‍കോട്: സാഹിത്യത്തിന്റെ വളര്‍ച്ചയിലും വേറിട്ട സംവേദനക്ഷമത രൂപീകരിക്കുന്നതിലും എം.ടി വാസുദേവന്‍ നായര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കോലായ് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന എം. ടി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യത്തിലേക്കും സംസ്‌കാരവൈവിധ്യങ്ങളിലേക്കും തുറന്നുവെച്ച കണ്ണും മനസ്സും എന്നും എം.ടിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെയാണ് എം.ടി എന്ന രണ്ടക്ഷരം മലയാളികള്‍ക്ക് മാന്ത്രികതയുള്ള ഘനശബ്ദമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈബ്രറി പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര എം.ടിയെയും ഭാവഗായകന്‍ പി. ജയചന്ദ്രനെയും അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ. രാജശേഖരന്‍, സി.എല്‍. ഹമീദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, അഷറഫലി ചേരങ്കൈ, രവീന്ദ്രന്‍ പാടി, എം.എ. മുംതാസ്, ജയലക്ഷ്മി ടീച്ചര്‍ സംസാരിച്ചു. കെ.എച്ച് മുഹമ്മദ് സ്വാഗതവും നാസര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it