വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കുമ്പോഴും എന്‍മകജെ ശിവഗിരി കുടിവെള്ള പദ്ധതി നോക്കുകുത്തി

പെര്‍ള: വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ ശിവഗിരി കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറുന്നു. എന്‍മകജെ പഞ്ചായത്തിലെ ശിവഗിരിയില്‍ 20 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതുമൂലം പദ്ധതിയുടെ ടാങ്കിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയും ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് നശിച്ച് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പദ്ധതി നടപ്പിലാക്കാന്‍ തടസ്സമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്‍മകജെ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ശിവഗിരി പട്ടികവര്‍ഗ കോളനിയിലൊണ് പതിനഞ്ച് വര്‍ഷം മുമ്പ് 4.95 ലക്ഷം രൂപ ചെലവില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പില്‍ വരുത്തിയത്. കുഴല്‍ കിണറും പമ്പ് ഷെഡ്ഡ്, മോട്ടോര്‍, 20,000 ലീറ്റര്‍ ജലം ഉള്‍കൊള്ളുന്ന ടാങ്ക് എന്നിവ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് കാരണം കോളനി നിവാസികള്‍ക്ക് വെള്ളം കിട്ടാക്കനിയാവുന്നു. 22 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ ജനങ്ങള്‍ കിലോമീറ്റര്‍ താണ്ടി സ്വകാര്യ വ്യക്തി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കുളത്തില്‍ നിന്നും തലചുമടായാണ് വെള്ളംകൊണ്ടു വരുന്നത്.

പരിചരണമില്ലാത്തതു മൂലം ടാങ്കിന് വിള്ളല്‍ വീഴുകയും അനുബന്ധ സാധനങ്ങള്‍ മണ്ണെടുത്ത് നശിക്കുകയും ചെയ്തു. വൈദ്യുതി കണക്ഷന് വേണ്ടി പലവട്ടം ശ്രമിച്ചുവെങ്കിലും പ്രാദേശികമായുള്ള തര്‍ക്കമാണ് വൈദ്യുതി കണക്ഷന് തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it