പുകയില കൃഷി ഓര്‍മ്മയാകുന്നു, അജാനൂരിലെ പൂഴിപ്പാടങ്ങളില്‍ ചീര സമൃദ്ധി

കാഞ്ഞങ്ങാട്: പുകയില കൃഷിയ്ക്ക് പേരുകേട്ട അജാനൂരിലെ പൂഴി പാടങ്ങളില്‍ ചീരകൃഷി സമൃദ്ധം. പുകയില കൃഷിക്കൊപ്പം നെല്‍കൃഷിയും നടത്തിയിരുന്ന പാടങ്ങളിലാണ് വ്യാപകമായി ചീര കൃഷിയൊരുക്കുന്നത്. കൊളവയല്‍, മാണിക്കോത്ത്, ചിത്താരി, മാട്ടുമ്മല്‍ പ്രദേശങ്ങളിലെ ഇരുപതോളം ഏക്കറിലായാണ് ചീരകൃഷി വ്യാപകമായിരിക്കുന്നത്. പലയിടങ്ങളിലും രണ്ടാംഘട്ട ചീരകൃഷിയും വിളവെടുപ്പിന് തയ്യാറായിരിക്കുകയാണ്. വിത്തുപാകി 40 ദിവസം കഴിയുമ്പോള്‍ തന്നെ വിളവെടുത്ത് വിപണിയിലെത്തിക്കാന്‍ കഴിയുന്നതിനാല്‍ പലരും ചീര കൃഷിയിലേക്ക് തിരിയുകയാണ്. ഒരു കെട്ട് ചീരയ്ക്ക് വിപണിയില്‍ 30നും 40നും ഇടയിലാണ് വില. കൂടുതല്‍ വളമോ കാര്യമായ പരിപാലനമോ ആവശ്യമില്ലാത്തതും കൃഷി എളുപ്പമാക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഈ പ്രദേശത്തെ കര്‍ഷകര്‍ ചീരകൃഷിയെയാണ് ഏറെയും ആശ്രയിക്കുന്നത്. രണ്ടാംഘട്ട ചീരകൃഷി കഴിയുന്നതോടെ അജാനൂരിലെ പാടങ്ങളില്‍ മറ്റ് പച്ചക്കറി കൃഷി സജീവമാകും. വെള്ളരി, മധുരക്കിഴങ്ങ്, പയര്‍, നരമ്പന്‍, വെണ്ട, മത്തന്‍, കുമ്പളം, തണ്ണിമത്തന്‍, പാവയ്ക്ക എന്നിവയാണ് ഈ ഭാഗങ്ങളില്‍ ചീര കൃഷിക്ക് പിന്നാലെ കൃഷിചെയ്തു വരുന്നത്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it