കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം പൈപ്പ് പൊട്ടി ജലം പാഴാവുന്നു

കാസര്‍കോട്: താലൂക്ക് ഓഫീസിന് മുന്‍വശത്ത് ട്രാഫിക്ക് സിഗ്‌നല്‍ റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ഒരാഴ്ചയോളമായി ശുദ്ധജലം റോഡില്‍ ഒഴുകുകയാണ്. സമീപത്തെ വ്യാപാരികള്‍ അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് റോഡുകള്‍ കിളച്ച് പൈപ്പുകള്‍ സ്ഥാപിച്ചത്. നഗരത്തിലെ റോഡുകളുടെ വികസന പ്രവര്‍ത്തിയെ തുടര്‍ന്ന് പല റോഡുകളിലും ജലഅതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം പാഴാവുന്ന കാഴ്ചയാണ്. ഇതിന് പുറമേ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലം പാഴാവുന്നു. അധികൃതരോട് ഫോണില്‍ വിളിച്ച് അറിയിച്ചാല്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വിവിധ പ്രദേശങ്ങളില്‍ ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടുന്നില്ലെന്ന പരാതിക്കിടയിലാണ് അധികൃതരുടെ നിസംഗതയെ തുടര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ദിനേന പാഴായിക്കൊണ്ടിരിക്കുന്നത്.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it