വന്യജീവികള്‍ക്കുള്ള ഭക്ഷണം ലക്ഷ്യം; വനത്തില്‍ വിത്തുരുളകള്‍ നിക്ഷേപിച്ച് വനപാലകരും നാട്ടുകാരും

കാഞ്ഞങ്ങാട്: വന്യജീവികള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്താന്‍ വനത്തില്‍ വിത്തുരുളകള്‍ നിക്ഷേപിച്ച് വനപാലകരും നാട്ടുകാരും. വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ എഫ്.എഫ്.ഡബ്ലുവിന്റെ ഭാഗമായാണ് പരിപാടി. തദ്ദേശീയമായ വിവിധ മരങ്ങളുടെ വിത്ത് ഉരുളകളാക്കി വനത്തില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. പ്ലാവ്, മാവ് തുടങ്ങിയ വിവിധ മരങ്ങളുടെ വിത്തുകള്‍ ചാണകം ചേര്‍ത്ത് കുഴച്ചാണ് നിക്ഷേപിക്കുന്നത്. വനങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഇവ കായ്ക്കുമ്പോള്‍ ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഇവ ഭക്ഷണമാക്കി മാറ്റുമ്പോള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത കുറയുന്നു. ഈ വര്‍ഷം മുതല്‍ ആരംഭിച്ച പദ്ധതിയുടെ കാഞ്ഞങ്ങാട് റേഞ്ചിലെ പനത്തടി സെക്ഷനില്‍ വിത്തിടല്‍ പരിപാടി കഴിഞ്ഞ ദിവസം തുടങ്ങി. വനം വന്യജീവി വകുപ്പ് ഓട്ടമല വനസംരക്ഷണ സമിതിയുമായി ചേര്‍ന്ന് ചെര്‍ണൂര്‍ വനമേഖലയില്‍ ആയിരത്തോളം വിത്തുരുളകള്‍ നിക്ഷേപിച്ചു. പനത്തടി പഞ്ചായത്ത് നാലാം വാര്‍ഡംഗം സുപ്രിയ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പാ, വിഷ്ണു കൃഷ്ണന്‍, ജി. കമലാസനന്‍ പ്രസംഗിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it