കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും; വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി

കാസര്‍കോട്: കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ നവംബര്‍ 5 വരെ കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ നടക്കും. മേളയുടെ വരവ് അറയിച്ചുള്ള വര്‍ണ്ണാഭമായ വിളംബര ഘോഷയാത്ര ഇന്നലെ കാസര്‍കോട് നഗരത്തില്‍ നടന്നു. 140തോളം സ്‌കൂളുകളില്‍ നിന്നുള്ള 7500ലേറെ വിദ്യാര്‍ത്ഥികള്‍ 14 വേദികളിലായി നടക്കുന്ന 314 മത്സര ഇനങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ ഇത്തവണ കൂടുതലായി മത്സരിക്കും. കാസര്‍കോട് ഗവ. എച്ച്.എസ്.എസിലെ 6 വേദികളെ കൂടാതെ നഗരസഭ കാര്യാലയത്തിനടുത്തുള്ള വനിതാ ഹാള്‍, ചിന്മയ വിദ്യാലയം ഹാള്‍, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി ഹാള്‍, ടൗണ്‍ ഹാള്‍, സന്ധ്യാരാഗം ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഏട്ടോളം വേദികള്‍ ഒരുക്കും. നവംബര്‍ മൂന്നിന് വൈകിട്ട് 3 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എല്‍.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷനും സംഘാടക സമിതി ചെയര്‍മാനുമായ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും റിയാലിറ്റി ഷോ ഫെയിമുമായ സുരേഷ് പള്ളിപ്പാറ മുഖ്യാതിഥിയാവും. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനനെ എം.എല്‍.എ ആദരിക്കും. 5ന് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയായ കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ രണ്ടായിരത്തി ഇരുന്നോറോളം കുട്ടികള്‍, അവര്‍ക്ക് കൂട്ടിനെത്തുന്ന അധ്യാപകര്‍, ഒഫീഷ്യല്‍സ് എന്നിവര്‍ക്ക് ഭക്ഷണം ഒരുക്കും. പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മേളയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജനറല്‍ കണ്‍വീനര്‍ പി.കെ സുനില്‍, പ്രധാനാധ്യാപിക എ. ഉഷ, പി.ടി.എ പ്രസിഡണ്ട് എന്‍.കെ ഉദയകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ആന്‍സി കെ. മാത്യു, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേരോ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിളംബര ഘോഷയാത്രയില്‍ ചെണ്ടമേളം, കുട്ടികളുടെ ബാന്റ് മേളം, മുത്തുക്കുട, എസ്.പി.സി, എന്‍.സി.സി, ലിറ്റില്‍ കൈറ്റ്‌സ്, ഇക്കോ ക്ലബ്ബ് അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it