സുകൃതങ്ങള്‍ സമ്മാനിച്ച് ഉസ്താദിന്റെ യാത്ര

ആരായിരുന്നു എനിക്കെന്റെ മാണിയൂര്‍ ഉസ്താദെന്ന് ചോദിച്ചാല്‍ പിതൃതുല്യനായി, സ്‌നേഹ നിധിയായ ഗുരുവായി, ഏത് പ്രതിസന്ധിയിലും സ്‌നേഹകരം കൊണ്ട് ചേര്‍ത്തുനിര്‍ത്തുന്ന കരുതലായി, കൈപിടിച്ച മഹാമനീഷി. മാണിയൂര്‍ ഉസ്താദിനെ കുറിച്ച് പറയാന്‍ സ്റ്റേജും പേജും മതിയാവാത്ത അനുഭവമാണ് എല്ലാവര്‍ക്കും.

പുഞ്ചിരിയോടെയുള്ള സംഭാഷണം. എളിമ ജീവിതം കൊണ്ട് കാണിച്ചു തന്ന മഹാന്‍, വലിയവരോടുള്ള ബഹുമാനവും കുട്ടികളോടുള്ള കരുണയും ജീവിതം കൊണ്ട് കാണിച്ചുകൊടുത്തു. 13 വയസ്സുകാരനായി ഞാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന സമയം. പ്രത്യേകിച്ചും എന്റെ ശാഖയായ പടന്ന തെക്കേപ്പുറം ശാഖയുടെ പ്രവര്‍ത്തന തുടക്കത്തില്‍ മുനവ്വിറില്‍ നടക്കുന്ന മേഖല യോഗങ്ങളിലെ സാന്നിധ്യമാവുന്ന അന്ന് മുതല്‍ തുടങ്ങിയ ബന്ധം. ആ സാമീപ്യത്തില്‍ ഞാന്‍ ഏറെ പുളകം കൊണ്ടു. ആ പ്രാര്‍ത്ഥന എന്റെ ഏറ്റവും വലിയ കരുത്തായിരുന്നു. പല പ്രോഗ്രാമുകളിലും ക്ഷണിക്കുമ്പോഴും പ്രത്യേക പരിഗണനയോടെ ഇടപെട്ടതും ഉസ്താദ് മന്ത്രിക്കുന്ന ദിവസത്തില്‍ പോലും ഉസ്താദിനെ കാണാന്‍ എത്തിയാല്‍ പ്രത്യേക പരിഗണന നല്‍കിയതും മറക്കാനാവില്ല. എല്ലാത്തിനുമുപരി എന്റെ പ്രിയതമ ആദ്യത്തെ രണ്ട് പ്രസവ സമയത്തും ഹോസ്പിറ്റലില്‍ നിന്ന് ചെറിയ പ്രയാസം ഉണ്ടെന്നറിയിച്ചപ്പോള്‍ ഉസ്താദിനോടാണ് ആദ്യം വിളിച്ച് പറഞ്ഞത്. ഞാന്‍ ഹോസ്പിറ്റലിലേക്ക് എത്താമെന്ന് പറഞ്ഞ് ധൈര്യം തന്നത് എങ്ങനെ മറക്കാന്‍ കഴിയും. രണ്ടു മക്കളെയും പ്രസവിച്ച ഉടനെ ഹോസ്പിറ്റലില്‍ എത്തി മന്ത്രിച്ച് സന്തോഷിപ്പിച്ചു വിട്ടപ്പോള്‍ ഞാന്‍ മാനം മുട്ടെ ആ പിതൃത്വമറിഞ്ഞിരുന്നു.

പല പ്രതിസന്ധിഘട്ടത്തിലും മാണിയൂര്‍ ഉസ്താദിന്റെ അടുത്ത് വന്ന് പറഞ്ഞപ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ എനിക്കും എന്റെ കുടുംബത്തിനും എല്ലാം ചെയ്തുതന്ന ഉസ്താദ് ഇഹലോകം വെടിയുമ്പോള്‍ അനേകായിരങ്ങളുടെ ഹൃത്തടത്തിലുള്ളത് പോലെ ഈയുള്ളവന്റെ ഖല്‍ബിലും വേദന നിറയുന്നു. ഏഴ് വര്‍ഷത്തെ വടക്കേ കൊവ്വല്‍ സേവനത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം മാണിയൂര്‍ ഉസ്താദിനെ കുറച്ചുകൂടി അടുത്തു നിന്നനുഭവിക്കാന്‍ കഴിഞ്ഞു എന്നതാണ്. ആ നിലാവില്‍ എന്റെ മുഖവും വെട്ടിത്തിളങ്ങിയിരുന്നു.

ഉസ്താദിന്റെ കൂടെ ഞങ്ങളെയും ജന്നത്തില്‍ ഒരുമിക്കാന്‍ തൗഫീഖ് നല്‍കണേ അല്ലാഹ്. ആമീന്‍.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it