തൈവളപ്പ് അബൂബക്കര്‍ എന്ന അവുക്കച്ച കണ്ണടച്ചത് അന്ത്യാഭിലാഷം പൂര്‍ത്തിയാക്കി

നെല്ലിക്കുന്ന് പ്രദേശത്തുള്ളവര്‍ക്ക് മാത്രമല്ല കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന ബങ്കരക്കുന്നിലെ തൈവളപ്പിലെ അബൂബക്കര്‍ എന്ന അവുക്കച്ച. ഒരാളുടെ കുറ്റവും കുറവും പറയാതെ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയിരുന്നു അബൂബക്കര്‍. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന നബ്‌സു റൈസ് മില്‍ 40 വര്‍ഷത്തോളം നടത്തി. പണ്ട് നെല്ല് അരിയാക്കിയും ഗോതമ്പ് പൊടിയാക്കിയും നല്‍കിയിരുന്ന മില്ല് വിശ്വാസ്യതയില്‍ മികച്ച് നിന്നു. മരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പ് വരെ ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുകയോ ഡോക്ടര്‍മാരുടെ അടുത്ത് പോവുകയോ ചെയ്തിട്ടില്ല. വല്ല പനിയോ അസുഖമോ പിടിപ്പെട്ടാല്‍ തന്നെ ആയൂര്‍വേദ ഡോക്ടര്‍മാരെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തു. രാഷ്ട്രീയ- മത സംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കാത്തത് കാരണം എതിരാളികളുണ്ടായില്ല. വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും വളരെ സ്‌നേഹത്തോടെ സൗമ്യനായി പെരുമാറി.

തൈവളപ്പ് കുടുംബത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ദൂരയാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു. മരണത്തിന് ഏതാനും മാസം മുമ്പ് സ്വന്തം വീട് വില്‍പന നടത്തിയപ്പോള്‍ തന്റെ കാലശേഷം മതിയായിരുന്നു വീട് വില്‍പന എന്നും ഈ വീട്ടില്‍ വെച്ച് മരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അവസാന നാളില്‍ ആ ആഗ്രഹം അല്ലാഹു സ്വീകരിച്ചു. ഈ വീട്ടില്‍ തന്നെയായിരുന്നു. അവസാന യാത്രയും. എപ്പോഴും പുഞ്ചിരി തൂകുന്ന അബൂബക്കറിന്റെ മരണം ബങ്കരക്കുന്നിനും നെല്ലിക്കുന്നിനും മാത്രമല്ല കാസര്‍കോടിനും തീരാ നഷ്ടമാണ്. മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it