മഴയാത്രക്കാരുടെ മനംകവര്‍ന്ന് ബെള്ളച്ചാല്‍ വെള്ളച്ചാട്ടവും മലനിരകളും

ബെള്ളൂര്‍: മഴയാത്രക്കാരുടെ മനംകവര്‍ന്ന് ബെള്ളച്ചാല്‍ വെള്ളച്ചാട്ടവും മലനിരകളും. സ്വര്‍ഗ-വാണിനഗര്‍ -കിന്നിംഗാര്‍ കുന്നിന്‍ ചെരിവുകള്‍ ഒന്നിന് പിറകെ ഒന്നായി നിരന്നുനില്‍ക്കുന്നത് സുന്ദരക്കാഴ്ചയാണ്. വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം താഴ്‌വരയിലേക്ക് പെയ്തിറങ്ങുന്ന മഴ കാണുമ്പോള്‍ സഞ്ചാരികളുടെ മനം കുളിര്‍ക്കും. തിരിച്ചുവരുമ്പോള്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടവും കാണാം. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചുവരാറുള്ള സ്വയംഭൂ ഗുഹ പ്രവേശനം നടത്തുന്ന ജാംബ്രി ഗുഹ സ്ഥിതി ചെയ്യുന്ന ചെണ്ടത്തടുക്കയില്‍ നിന്നാണ് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. അമ്പത് മീറ്റര്‍ ഉയരത്തില്‍ നിന്ന് കരിങ്കല്‍ പാറകളില്‍ തട്ടി പാല്‍പതകളായി പതിക്കുന്ന കാഴ്ച കാണാം. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും കാഴ്ചക്കാരായി ഇവിടെ എത്തുന്നത്. സ്‌കൂള്‍ കുട്ടികളുടെ പ്രകൃതി യാത്രക്കും പ്രസിദ്ധമാണ് ഈ പ്രദേശം. കുന്നിന്‍ മുകളിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കല്‍ക്ക പ്രദേശത്തുള്ള കശുമാവിന്‍ തോട്ടത്തിലെ തോട്ടില്‍ നിന്നാണ് ജലം അമ്പത് മീറ്ററോളം താഴേക്ക് പതിക്കുന്നത്. മുകളില്‍ വള്ളികള്‍ നിറഞ്ഞ കാടായതിനാല്‍ ചെടികളില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നതായും തോന്നും.

കവുങ്ങ്, തെങ്ങിന്‍ തോപ്പിന് നടുവില്‍ നിന്നുള്ള വെള്ളച്ചാട്ട കാഴ്ചകളും അതിമനോഹരമാണ്. മുള്ളേരിയ വഴി ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ വഴിയും എണ്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ-വാണിനഗര്‍ വഴിയും ബെള്ളച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം.

ഇക്കോ ടൂറിസത്തിന് അനന്ത സാധ്യതകളുമായാണ് ബെള്ളച്ചാല്‍ വെള്ളച്ചാട്ടം സഞ്ചാരികളെ വിളിക്കുന്നത്.

എല്ലായിടത്തേക്കും നല്ല റോഡ് സൗകര്യം ഉണ്ടെങ്കിലും വാഹന സൗകര്യം കുറവാണ്. മഴനാളുകളില്‍ ഇവിടെയെത്താന്‍ കൊതിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. പ്രകൃതിയെ നോവിക്കാതെ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തന്നെ സഞ്ചാരികള്‍ക്ക് പ്രിയ ഇടമായിത്തീരും.

ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it