ബദിയടുക്ക സി.എച്ച്.സിയില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു; ഒ.പി നിര്‍ത്തലാക്കുമെന്ന് ആശങ്ക

ബദിയടുക്ക: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. മഴക്കാല രോഗങ്ങളും പകര്‍ച്ച വ്യാധികളും പിടിപെടാന്‍ തുടങ്ങിയതോടെ ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുകയാണ്. ഒ.പി നിര്‍ത്തലാക്കുമെന്ന ആശങ്ക വേറെയും. എട്ട് ഡോക്ടര്‍മാര്‍ വേണ്ട ആസ്പത്രിയില്‍ നിലവില്‍ രണ്ട് പേരാണുള്ളത്. സുഗമമായി ഒ.പി നടത്തുന്നതിന് രണ്ട് ഡോക്ടറുടെ സേവനം ആവശ്യമാണ്. ഇവിടെ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഡോക്ടറെ കിട്ടിയാല്‍ ഉടന്‍ തന്നെ നിയമനം നടത്താന്‍ തയ്യാറാണെന്നും ഇതിനുള്ള ശ്രമം പലതവണ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എല്ലാ ഭൗതീക സാഹചര്യങ്ങളും ഉള്ളതാണ് ഇവിടത്തെ സാമൂഹിക ആരോഗ്യകേന്ദ്രം. നിലവിലുള്ള ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ ചുമതലയാണ്. മെഡിക്കല്‍ ഓഫീസര്‍ ആയതിനാല്‍ പല യോഗങ്ങളിലും പങ്കെടുക്കേണ്ടതിനാല്‍ രോഗികളെ സ്ഥിരമായി പരിശോധിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഒരു താല്‍കാലിക ഡോക്ടറെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെങ്കിലും ഡോക്ടറെ ലഭിക്കാത്ത സ്ഥിതിയാണത്രെ.


മെഡിക്കല്‍ ഓഫീസറായി സിവില്‍ സര്‍ജനെ കഴിഞ്ഞ വര്‍ഷം നിയമിച്ചുവെങ്കിലും അദ്ദേഹം വി.ആര്‍.എസ് എടുത്ത് പോയി. രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് ഡോക്ടര്‍മാരെ പി.എസ്.സി വഴി സ്ഥിരം നിയമനം നടത്തിയെങ്കിലും ഉടന്‍ തന്നെ ഉപരിപഠനത്തിന് പോയി. നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പ്രവൃത്തി സമയമെങ്കിലും വൈകിട്ട് നാല് മണി വരെ സേവനം ചെയ്യുന്നു. കിടത്തി ചികിത്സയില്ലാതെ ആസ്പത്രിയിലെ കട്ടിലുകള്‍ തുരുമ്പെടുക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്.





Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it