തേങ്ങക്കും ചിരട്ടക്കും വില കുതിച്ചുകയറി; പിന്നാലെ മോഷണവും അധികരിച്ചു

കുമ്പള: തേങ്ങക്കും ചിരട്ടക്കും വില കുതിച്ചു കയറുന്നു. പിന്നാലെ മോഷ്ടാക്കളും രംഗത്തിറങ്ങി. ഒരു കിലോ തേങ്ങക്ക് 80 രൂപയും ചിരട്ടക്ക് 20 രൂപയുമാണ് വില. തേങ്ങക്ക് വില വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ മൂന്ന് മാസത്തിനിടെ ആളൊഴിഞ്ഞ പറമ്പിലും വീടിന്റെ ഷെഡിലും സൂക്ഷിച്ച തേങ്ങ കടത്തിക്കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ട്. ആരിക്കാടിയില്‍ നിന്ന് പറമ്പിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുത്തു കടത്തിക്കൊണ്ടു പോയതിന് കുമ്പള പൊലീസ് ഒരാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തിരുന്നു. വീട് പൂട്ടി വിദേശത്ത് കഴിയുന്നവരുടെ പറമ്പിലെ വീണ് കിടക്കുന്ന തേങ്ങയും ഷെഡില്‍ സൂക്ഷിച്ച തേങ്ങയും മോഷണം പോകുന്നത് പതിവാണ്. കഴിഞ്ഞ മാസം കൊടിയമ്മയില്‍ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ച 50 കിലോ അടങ്ങുന്ന ആറ് ചാക്ക് ചിരട്ടയാണ് കവര്‍ന്നത്. തേങ്ങയും ചിരട്ടയും കളവ് പോയാല്‍ ആരും പരാതി കൊടുക്കാര്‍ തയ്യാറാകുന്നില്ല. പല കര്‍ഷകരും തേങ്ങ വീട്ടുമുറ്റത്താണ് സൂക്ഷിക്കാറുള്ളത്. തേങ്ങ കള്ളന്‍മാര്‍ ഇറങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തേങ്ങക്ക് വില കുതിച്ച് കയറിതോടെ ചില ഹോട്ടലുടമകള്‍ തേങ്ങ ചമ്മന്തി നിര്‍ത്തലാക്കി. വെളിച്ചെണ്ണക്കും വില വര്‍ദ്ധിച്ചതോടെ വീട്ടമ്മമാര്‍ സങ്കടത്തിലാണ്. തേങ്ങക്കും ചിരട്ടക്കും ഇത്രയും വില കൂടിയ ചരിത്രമില്ലന്നാണ് തേങ്ങ വ്യാപാരികള്‍ പറയുന്നത്. തേങ്ങക്ക് വില വര്‍ദ്ധിച്ചതോടെ തെങ്ങ് കയറ്റ തൊഴിലാളികള്‍ പത്ത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കര്‍ക്കിടക മാസമാകുമ്പോള്‍ തേങ്ങ കിലോക്ക് 100 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it