ഖത്തറിൽ ഇറാൻ്റെ മിസൈൽ ആക്രമണം: ലക്ഷ്യം യു.എസ് സൈനിക താവളങ്ങൾ: വ്യോമ പാത അടച്ച് ഖത്തർ

ദോഹ: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തറിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആറ് മിസൈലുകൾ വിക്ഷേപിച്ചതായി സ്ഥിരീകരണം.

വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും എഎഫ്‌പി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ യുഎസ് സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചാണ് മിസൈലുകൾ പ്രയോഗിച്ചതെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമസ്ഥാപനമായ ആക്സിയോസ് വ്യക്തമാക്കി.യുഎസ് നിയന്ത്രണത്തിലുള്ള അൽ ഉദൈദ് വ്യോമതാവളത്തിനെതിരെ ഇറാനിയൻ ഭീഷണിയുണ്ടെന്ന് ഒരു പാശ്ചാത്യ നയതന്ത്രജ്ഞൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആഘാതമോ ആളപായമോ ഉണ്ടായതായി സ്ഥിരീകരണമില്ല.

ഖത്തർ വ്യോമ പ്രതിരോധ സേന ആക്രമണം പരാജയപ്പെടുത്തുകയും ഇറാനിയൻ മിസൈലുകൾ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു,

താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടതായി പ്രഖ്യാപിച്ചു. ഖത്തറിലെ യുഎസ് യു കെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ഇത് ബാധിക്കും.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it