ഉറുമി പാലത്തിന് ബലക്ഷയം, സമീപത്ത് മണ്ണിടിച്ചില്‍; ഗതാഗതം മുടങ്ങി

ബദിയടുക്ക: പുത്തിഗെ പഞ്ചായത്തിലെ ഉറുമി പാലത്തിനരികില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായി നാളുകളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് ആക്ഷേപം. ഏതാനും മാസങ്ങളായി റോഡിന്റെ പാര്‍ശ്വഭിത്തിയുടെ കല്ല് കെട്ട് ഇടിഞ്ഞ് വീണ നിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ കൂടുതല്‍ മണ്ണ് ഇളകി വീണു. മഴക്കാലം വരുന്നതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് പോകുമെന്ന സ്ഥിതിയിലാണ്. ഇതോടെ ഇത് വഴിയുള്ള ഗതാഗതവും തടസ്സപ്പെടും. നിലവിലെ അവസ്ഥയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്താണ് ഉറുമി […]

ബദിയടുക്ക: പുത്തിഗെ പഞ്ചായത്തിലെ ഉറുമി പാലത്തിനരികില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായി നാളുകളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് ആക്ഷേപം. ഏതാനും മാസങ്ങളായി റോഡിന്റെ പാര്‍ശ്വഭിത്തിയുടെ കല്ല് കെട്ട് ഇടിഞ്ഞ് വീണ നിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ കൂടുതല്‍ മണ്ണ് ഇളകി വീണു. മഴക്കാലം വരുന്നതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് പോകുമെന്ന സ്ഥിതിയിലാണ്. ഇതോടെ ഇത് വഴിയുള്ള ഗതാഗതവും തടസ്സപ്പെടും. നിലവിലെ അവസ്ഥയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്താണ് ഉറുമി പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ അടിഭാഗത്ത് ഇരുമ്പ് കമ്പികള്‍ ഇളകി സിമന്റ് ചീളുകള്‍ ഇളകി വീണ നിലയിലുമാണ്. പാലത്തിന്റെ ബലക്ഷയം മൂലം ഏത് സമയവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. അപകടം മുന്നില്‍ കണ്ട്‌കൊണ്ടാണ് വാഹനങ്ങള്‍ ഇത് വഴി കടന്ന് പോകുന്നത്. പാലത്തിന് സമീപത്തായി മണ്ണിടിച്ചിലുണ്ടായത് കാരണം അപകടം ഭയന്ന് വാഹനങ്ങള്‍ ഇത് വഴി വരാന്‍ തയ്യാറാകുന്നുമില്ല.
മാസങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഉത്തരദേശം റിപോര്‍ട്ട് ചെയ്യുകയും ചര്‍ച്ചയാവുകയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ വന്ന് നോക്കി പോയതല്ലാതെ ഇത് വരെ ഇതിനൊരു പരിഹാരവും ഉണ്ടായിട്ടില്ല.
സീതാംഗോളി വഴി ഉറുമിയിലൂടെ ഏറ്റവും എളുപ്പത്തില്‍ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജിലേക്കും അത് വഴി കര്‍ണ്ണാടക പുത്തൂരിലേക്കും എളുപ്പത്തില്‍ എത്താന്‍ പറ്റുന്ന റോഡായതിനാല്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഇത് വഴി കടന്ന് പോവുമായിരുന്നു.
കുമ്പളയില്‍ നിന്ന് സീതാംഗോളി ഉറുമി വഴി ഒരു സ്വകാര്യ ബസ് സര്‍വ്വീസ് നടത്തിയിരുന്നു. മണ്ണിടിച്ചിലും പാലത്തിന്റെ ബലക്ഷയം കാരണവും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ പരിസരവാസികള്‍ യാത്രാ ക്ലേശം നേരിടുകയാണ്.

Related Articles
Next Story
Share it