കൊല്ലം വീ പാര്‍ക്ക് കൊതിപ്പിക്കുന്നു; കാസര്‍കോട് മാതൃകയാക്കുമോ?

കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലമെന്ന ഖ്യാതിയോടെ കാസര്‍കോട് നഗരത്തില്‍ കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ തലയുയര്‍ത്തി നില്‍ക്കുന്ന ആകാശപ്പാതയുടെ അടിഭാഗം എങ്ങനെയായിരിക്കും പ്രയോജനപ്പെടുത്തുക. അധികൃതര്‍ തയ്യാറാക്കി വരുന്ന പദ്ധതികള്‍ എന്തായിരിക്കും?

1.16 കിലോ മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമായി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് തുറക്കപ്പെട്ട മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍, പാലത്തിലെ വിശാലമായ അടിഭാഗം ഏത് തരത്തിലാണ് അധികൃതര്‍ പ്രയോജനപ്പെടുത്തുക എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. കാര്‍ പാര്‍ക്കിംഗിന് വേണ്ടി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇരുഭാഗത്തും പാര്‍ക്കിംഗിന് വേണ്ടി വിട്ടുകൊടുത്താലും ഇവയുടെ മധ്യത്തില്‍ പിന്നെയും കാണും വിശാലമായ സ്ഥലം.

ഇവിടെ കന്നുകാലികളോ ഏതെങ്കിലും മുറുക്കാന്‍ കടക്കാരോ കയ്യേറുന്നതിന് മുമ്പായി ജനങ്ങള്‍ക്ക് പ്രയോജനകരമായ തരത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

മേല്‍പ്പാലത്തിന് കീഴെ ഇന്റര്‍ലോക്ക് പാകുന്നതോടെ തങ്ങളെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായി എന്നാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ കമ്പനിയുടെ പ്രതിനിധികള്‍ പറയുന്നത്. ഇന്റര്‍ലോക്ക് പാകുന്ന ജോലി പൂര്‍ത്തിയായി വരികയാണ്. ഈ ഭാഗം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്നും ഇന്റര്‍ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ അവര്‍ക്ക് വിട്ടുകൊടുക്കുമെന്നും ഊരാളുങ്കല്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

കൊല്ലത്ത് ഒരു അടിപ്പാത മനോഹരമായ രീതിയില്‍ സംവിധാനിക്കപ്പെട്ടിട്ടുണ്ട്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകളും വോളിബോള്‍ കോര്‍ട്ടും സ്‌കാറ്റിംഗ് ട്രാക്കും ഓപ്പണ്‍ ജിമ്മും ഭീമന്‍ ചെസ്സ് ബ്ലോക്കുമായി ഒരുക്കിയ കൊല്ലം വി പാര്‍ക്ക് ഇതിനകം തന്നെ വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിനാളുകളാണ് വി പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. നീളം കൂടിയ വാക്കിംഗ് ഏരിയയാണ് ഇവിടത്തെ പ്രത്യേകതകളിലൊന്ന്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കാനും ജോഗിങ്ങിനുമായി നൂറുകണക്കിനാളുകള്‍ ഈ വാക്കിംഗ് ഏരിയയെ പ്രയോജനപ്പെടുത്തുന്നു. യോഗ, മെഡിറ്റേഷന്‍ എന്നിവര്‍ക്കും സൗകര്യമുണ്ട്. പാലത്തിനടിയിലെ മനോഹരമായ വാള്‍ പെയിന്റിംഗ് കൊല്ലം ജില്ലയുടെ പൈതൃകങ്ങളെ അടയാളപ്പെടുത്തുന്നു. ഗാര്‍ഡനും ഇവന്റിനുള്ള സൗകര്യവുമുണ്ട്. 70 സെന്റ് സ്ഥലത്ത് രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച വി പാര്‍ക്ക് മാര്‍ച്ച് ഒന്നിന് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്.

കൊല്ലം മാതൃകയില്‍ കാസര്‍കോട്ടെ അടിപ്പാത മനോഹരമായി സജ്ജീകരിച്ച് പൊതുജനങ്ങള്‍ക്ക് സന്തോഷിക്കാനും സമയം ചെലവഴിക്കാനും ഉതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണ്.

ജില്ലാ കലക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് പദ്ധതി സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അടിപ്പാത ഏത് തരത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്ന നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് ഒരു പ്രൊജക്ട് തയ്യാറാക്കി നല്‍കിയതായി അറിയുന്നു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേനയാണ് ഈ പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഊരാളുങ്കല്‍ കമ്പനിയുമായി ചര്‍ച്ച ചെയ്തശേഷമാണ് പദ്ധതി തയ്യാറാക്കിയതെന്നറിയുന്നു.


കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലത്തിന്റെ അടിഭാഗം

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it