സി.പി.എമ്മിന് ബി.ജെ.പിയെ പോലെ വര്‍ഗീയ നിലപാട്; കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം -രമേശ് ചെന്നിത്തല

കാസര്‍കോട്: ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ്. ഇത് ബി.ജെ.പി-സി.പി.എം അന്തര്‍ധാരയുടെ ഭാഗമാണ്. നേതാക്കള്‍ക്കെതിരായ ഇ.ഡി നോട്ടീസ് വലിയ കാര്യമായി കാണുന്നില്ല. സി.പി.എമ്മിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനുള്ള ബി.ജെ.പിയുടെ സഹായമാണ് ഇ.ഡി നോട്ടീസ്. ഇ.ഡി രാഷ്ട്രീയ പ്രേരിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ലേബര്‍ കോഡ് വിഷയത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയാണ് സി.പി.എമ്മിന്റെ നയം. കേരള രാഷ്ട്രീയത്തെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. മസാല ബോണ്ട് അടക്കമുള്ള ഇടപാടുകളാണ് കേരളം വന്‍തോതില്‍ കടക്കെണിയില്‍ എത്താന്‍ കാരണമായതെന്നും ചെന്നിത്തല ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തു. സമാന വിഷയത്തില്‍ സി.പി.എം എന്ത് നടപടിയാണ് എടുത്തത്. മുകേഷ് എം.എല്‍.എക്കെതിരെയും നടപടിയുണ്ടാവട്ടേ-ചെന്നിത്തല പ്രതികരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it