ആഹ്ലാദിക്കാന്‍ ഇതിനപ്പുറം എന്ത് വേണം? നഗരസഭയില്‍ ആവേശക്കൊടുമുടിയില്‍ യു.ഡി.എഫ്

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ ഇതിലപ്പുറം വേറെന്ത് വേണം. മുസ്ലിംലീഗ് മത്സരിച്ച 23ല്‍ 22ഉം സ്വന്തമാക്കി. നഗരസഭയില്‍ ഒരംഗം പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് രണ്ട് പേരെ വിജയിപ്പിച്ച് വീണ്ടും സാന്നിധ്യം ഉറപ്പിച്ചു. മുസ്ലിംലീഗിന് കഴിഞ്ഞ രണ്ട് തവണയും നഷ്ടപ്പെട്ട ഫിഷ് മാര്‍ക്കറ്റ്-ഫോര്‍ട്ട് റോഡ് വാര്‍ഡ് തിരികെപ്പിടിച്ചു. പുതുതായി വന്ന വിദ്യാനഗര്‍ നോര്‍ത്ത് വാര്‍ഡും തങ്ങളുടെ വരവില്‍ എഴുതിച്ചേര്‍ത്തു. അപ്പോഴും നേരിയൊരു നിരാശ ബാക്കിയില്ലാതില്ല. വര്‍ഷങ്ങളായി കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോയിരിക്കുന്ന ഹൊന്നമൂല വാര്‍ഡ് ഇപ്പോഴും സ്വതന്ത്രയുടെ കയ്യിലാണ്. മുസ്ലിംലീഗ് പരമാവധി ശ്രമിച്ചിട്ടും തിരിച്ചുപിടിക്കാനായില്ല.

അതേസമയം ബാങ്കോട് വാര്‍ഡ് നിലനിര്‍ത്തുക എന്നത് പാര്‍ട്ടിയുടെ അഭിമാന പ്രശ്നമായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്സണും വനിതാ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഫര്‍സാന ശിഹാബുദ്ദീന്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത് പാര്‍ട്ടിയെ അലട്ടിയിരുന്നു. എന്നാല്‍ ഏത് വിധേനയും സീറ്റ് നിലനിര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ ലീഗ് വാര്‍ഡ് കമ്മിറ്റിക്കൊപ്പം കെ.എം.സി.സി. നേതാക്കളും രംഗത്തിറങ്ങി. കാസര്‍കോട് ഉറ്റു നോക്കിയ ഒരു വാര്‍ഡായിരുന്നു ബാങ്കോട്. എന്നാല്‍ ഇവിടെ 313 വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിലെ ഷാഹിദ യൂസഫ് വിജയിച്ചു കയറി.

ഫോര്‍ട്ട് റോഡ് വാര്‍ഡ് തിരിച്ചുപിടിക്കാനായത് മുസ്ലിം ലീഗിന് പകര്‍ന്ന അഭിമാനം ചെറുതൊന്നുമല്ല. കഴിഞ്ഞ രണ്ട് തവണയും മുസ്ലിം ലീഗിനോട് പിണങ്ങി നില്‍ക്കുന്ന സ്വതന്ത്രരുടെ കയ്യിലായിരുന്നു വാര്‍ഡ്. 2015ല്‍ റാഷിദ് പൂരണം പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ വിജയിച്ചത്. ഇതേപക്ഷം കഴിഞ്ഞ തവണ ഹസീന നൗഷാദിനെ ഇറക്കിയെങ്കിലും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരപറ്റിയത്. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെച്ചാണ് മുസ്ലിം ലീഗിലെ ജാഫര്‍ കമാല്‍ റാഷിദ് പൂരണത്തെ 239 നെതിരെ 326 വോട്ട് നേടി പരാജയപ്പെടുത്തിയത്.

വിദ്യാനഗര്‍ സൗത്ത് ഇത്തവണ പുതുതായി വന്ന വാര്‍ഡാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലയാണിത്. എന്നാല്‍ ഇവിടെ മുസ്ലിം ലീഗ് വിജയിച്ചുകയറി. 49 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിലെ ആയിഷ അഷ്റഫ് നേടിയത്.

കോണ്‍ഗ്രസിന് ജീവവായു തിരികെകിട്ടിയ ആശ്വാസമാണ്. കഴിഞ്ഞ തവണ ഒരു അംഗത്തെ പോലും വിജയിപ്പിക്കാന്‍ സാധിക്കാതെ പോയതിന് പാര്‍ട്ടി കേട്ട പഴിക്ക് കണക്കില്ല. ഇത്തവണ പകരം വീട്ടിയത് ഇരട്ടി വിജയത്തോടെയാണ്. വിദ്യാനഗര്‍ നോര്‍ത്തില്‍ വിദ്യശ്രീ എന്‍.ആറും കടപ്പുറം സൗത്തില്‍ രഞ്ജിഷയുമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

മികച്ച ഭരണത്തിന്റെ പ്രതിഫലനമാണ് കാസര്‍കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് വരുന്ന സ്ഥിരം ജല്‍പനങ്ങളാണെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.എം. ബഷീറും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും ഉത്തരദേശത്തോട് പറഞ്ഞു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it