കാട്ടുപന്നി ഭീതിയില്‍ നാട്; സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പന്നിക്കൂട്ടം ആക്രമിച്ചു

മുള്ളേരിയ: രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടുപന്നിക്കൂട്ടം റോഡിലിറങ്ങുന്നത് ഇരുചക്രവാഹനയാത്രക്ക് ഭീഷണിയാവുന്നു. ഇന്നലെ രാവിലെ നുസ്‌റത്ത് നഗറില്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ബാവിക്കര നുസ്‌റത്ത് നഗര്‍ സൗത്തില്‍ താമസിക്കുന്ന തെക്കിലിലെ മുത്തലിബി(47) നാണ് പരിക്കേറ്റത്. വീട്ടില്‍ നിന്ന് ബോവിക്കാനത്തെ പള്ളിയിലേക്ക് പോകുന്നതിനിടെ ബോവിക്കാനം-ഇരിയണ്ണി റോഡിന് സമീപം എത്തിയപ്പോള്‍ റോഡിന് കുറുകെ ചാടിയ പന്നിക്കൂട്ടം സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചെങ്കളയിലെ ആസ്പത്രിയില്‍ എത്തിച്ചു. മുളിയാര്‍ പഞ്ചായത്തിലെ മുണ്ടക്കൈ, മളിക്കാല്‍, ആലനടുക്കം, മുതലപ്പാറ, ബാവിക്കര അടുക്കം, നുസ്‌റത്ത് നഗര്‍, മഞ്ചക്കല്‍, കുണിയേരി തുടങ്ങിയ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഈ പ്രദേശങ്ങളില്‍ കാട്ടു പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ മനുഷ്യരെ ആക്രമിക്കുന്നതും നിത്യസംഭവമായതോടെ ജനങ്ങള്‍ ഭീതിയിലാണ്.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it