ഉദുമയില്‍ കടലോരം മാലിന്യതീരമായി;തീരദേശവാസികളും സഞ്ചാരികളും ദുരിതത്തില്‍

പാലക്കുന്ന്: കാലാവസ്ഥയില്‍ മാറ്റം വന്നു, മഴ തോര്‍ന്നു, മാനം തെളിഞ്ഞു, കടലിളക്കത്തിന് അയവ് വന്നു. ഇത് തീരദേശവാസികള്‍ക്കും കടല്‍ കണ്ടാസ്വദിക്കാനെത്തുന്നവര്‍ക്കും തെല്ലൊരു ആശ്വാസം പകരുന്നുണ്ടെങ്കിലും ഉദുമ പഞ്ചായത്തിലെ പടിഞ്ഞാര്‍ കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മ വരെയുള്ള കടലോരങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ടൂറിസ വികസന മേഖലക്ക് വെല്ലുവിളിയായി തുടരുകയാണ്. പലയിടങ്ങളില്‍ നിന്നായി പലപ്പോഴായി പലരും തള്ളുന്ന മാലിന്യങ്ങള്‍ തോടുകളും പുഴകള്‍ വഴിയും കടലില്‍ എത്തുമ്പോള്‍ തിരകള്‍ അവ തീരത്തേക്ക് തള്ളുന്നതിന്റെ ശേഷിപ്പാണ് ഈ ദുരിത കാഴ്ച. കടലേറ്റം നിലച്ചാല്‍ എല്ലാ വര്‍ഷവും ഇത് പതിവ് കാഴ്ചയാണെന്ന് പരിസരവാസികള്‍ പറയുന്നു. ചെരുപ്പുകള്‍, മരശിഖരങ്ങള്‍, വിറക് തടികള്‍, ടിന്നുകള്‍ അടക്കമുള്ള സര്‍വ്വവിധ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ശ്രമകരമാണെന്നും ഭാഗീകമായി അതിനുള്ള ശ്രമങ്ങള്‍ കാപ്പില്‍ ഭാഗത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ടെന്നും വാര്‍ഡ് അംഗം പി.കെ ജലീല്‍ പറഞ്ഞു. മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുമ്പോള്‍ കൂട്ടമായെത്തുന്ന തെരുവ് നായ്ക്കള്‍ പരിസരവാസികള്‍ക്കും സഞ്ചാരികള്‍ക്കും വലിയ ഭീഷണിയാണെന്നും അത് പേടിച്ചാവഴി പോകാന്‍ ഭയമാണെന്നും തീരദേശ സംരക്ഷണ സമിതി ചെയര്‍മാന്‍ അശോകന്‍ സിലോണ്‍ പറഞ്ഞു. ടൂറിസ വികസനത്തിന് പ്രാമുഖ്യം നല്‍കി തീരദേശപ്രദേശം മാലിന്യമുക്തമായി നിലനിര്‍ത്താന്‍ ഇവിടെ സ്ഥിരം സംവിധാനം ഒരുക്കണമെന്ന വാര്‍ഡ് അംഗത്തിന്റെ അപേക്ഷ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും നിലവിലെ മാലിന്യങ്ങള്‍ ശേഖരിച്ച് കടലോരം ശുചീകരിക്കാന്‍ ഹരിത കര്‍മസേനാംഗങ്ങള്‍ വൈകാതെ തീരത്തെത്താനുള്ള നടപടികള്‍ കൈകൊള്ളുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ബാലകൃഷ്ണന്‍ അറിയിച്ചു.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it